രാജ്യാന്തര ചലച്ചിത്ര മേള : ഡെലിഗേറ്റ് പാസുകളുടെ വിതരണം നാളെ മുതൽ ; ക്യൂ ഒഴിവാക്കാൻ 10 കൗണ്ടറുകൾ

രജിസ്റ്റർ ചെയ്തവർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി എത്തി ഡെലിഗേറ്റ് പാസുകൾ കൈപ്പറ്റാമെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു
രാജ്യാന്തര ചലച്ചിത്ര മേള : ഡെലിഗേറ്റ് പാസുകളുടെ വിതരണം നാളെ മുതൽ ; ക്യൂ ഒഴിവാക്കാൻ 10 കൗണ്ടറുകൾ

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം നാളെ (ഡിസംബർ നാല്) ആരംഭിക്കും. രാവിലെ 11 മണി മുതൽ ടാഗോർ തിയറ്ററിൽ നിന്ന് പാസുകൾ ലഭ്യമാകും. ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11ന് ടാഗോർ തിയേറ്ററിലാണ് ഫെസ്റ്റിവൽ ആഫീസും ഡെലിഗേറ്റ് സെല്ലും പ്രവർത്തനം ആരംഭിക്കുന്നത്. നടി അഹാന കൃഷ്ണകുമാറിന് ആദ്യ പാസ് നൽകിയാണ് പാസ് വിതരണത്തിന് തുടക്കം കുറിക്കുന്നത്.

നടൻ ഇന്ദ്രൻസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്‌സൺ ബീനാ പോൾ, സെക്രട്ടറി മഹേഷ് പഞ്ചു, എക്‌സിക്യൂട്ടിവ് ബോർഡ് അംഗം സിബി മലയിൽ തുടങ്ങിയവർ പങ്കെടുക്കും. രജിസ്റ്റർ ചെയ്തവർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി എത്തി ഡെലിഗേറ്റ് പാസുകൾ കൈപ്പറ്റാമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.

പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറിൽ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങൾക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്. പാസുകൾക്കായി ഡെലിഗേറ്റുകൾ ദീർഘനേരം ക്യൂ നിൽക്കേണ്ട അവസ്ഥ ഒഴിവാക്കാനായി 10 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്ന ശേഷി വിഭാഗത്തിനും മുതിർന്ന പൗരന്മാർക്കും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ 10500 പാസുകളാണ് വിതരണം ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com