എം ജി സര്‍വകലാശാലയ്ക്ക് തെറ്റുപറ്റി ; മാര്‍ക്കുദാനത്തില്‍ ജലീലിന് പങ്കില്ല : ഗവര്‍ണര്‍

മാര്‍ക്കുദാന വിവാദത്തില്‍ എംജി സര്‍വകലാശാല അധികാരത്തിന് പുറത്തുള്ള നടപടിയാണ് ചെയ്തത്. അത് ശരിയായ നടപടിയായിരുന്നില്ല
എം ജി സര്‍വകലാശാലയ്ക്ക് തെറ്റുപറ്റി ; മാര്‍ക്കുദാനത്തില്‍ ജലീലിന് പങ്കില്ല : ഗവര്‍ണര്‍

തിരുവനന്തപുരം : വിദ്യാഭ്യാസമേഖലയിലെ വീഴ്ചകളില്‍ ശക്തമായ താക്കീതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് വലിയ പാരമ്പര്യമുണ്ട്. അത് നശിപ്പിക്കുന്ന നടപടികള്‍ ആരില്‍ നിന്നും ഉണ്ടാകരുതെന്ന് ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. കേരളത്തിന്റെ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കരുത്. പാരമ്പര്യം നിലനിര്‍ത്തുന്നുണ്ട് എന്ന കാര്യത്തില്‍ താന്‍ പരമാവധി ജാഗ്രത പുലര്‍ത്തുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

മാര്‍ക്കുദാന വിവാദത്തില്‍ എംജി സര്‍വകലാശാല അധികാരത്തിന് പുറത്തുള്ള നടപടിയാണ് ചെയ്തത്. അത് ശരിയായ നടപടിയായിരുന്നില്ല. എന്നാല്‍ തെറ്റ് തിരിച്ചറിഞ്ഞ് സര്‍വകലാശാല തിരുത്തല്‍ നടത്തിയിട്ടുണ്ട്. എംജി സര്‍വകലാശാലയിലെ
മാര്‍ക്കുദാനത്തില്‍ മന്ത്രി ജലീലിന് പങ്കില്ല. അദ്ദേഹം കത്തുകൊടുത്തതായി അറിവില്ല. മാര്‍ക്കുദാനത്തിലൂടെ ഡിഗ്രി ലഭിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ സര്‍വകലാശാല നടപടിയെടുത്തു. അതോടെ വിഷയം അവസാനിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.

മന്ത്രി കെ ടി ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നുള്ള റിപ്പോര്‍ട്ട് ഇതുവരെ ന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലയിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 16 ന് നടക്കുന്ന യോഗത്തില്‍ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സാങ്കേതികസര്‍വകലാശാല വിവാദ അദാലത്തില്‍ മന്ത്രി ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്ന് രാജ്ഭവന്‍ സെക്രട്ടറി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചാന്‍സലറുടെ അനുമതിയോടെയാവണം പ്രോ ചാന്‍സലറായ മന്ത്രി സര്‍വകലാശാലയുടെ കമ്മറ്റികളില്‍ പങ്കെടുക്കേണ്ടത്. ഗവര്‍ണരുടെ അനുമതിയില്ലാതെ അദാലത്തില്‍ പങ്കെടുത്തത് അനുചിതമാണ്. ഇത് അധികാര ദുര്‍വിനിയോഗമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ബിടെക്ക് പരീക്ഷയില്‍തോല്‍ക്കുകയും പുനര്‍മൂല്യ നിര്‍ണയത്തിലും മാര്‍ക്ക് ലഭിക്കുകയും ചെയ്യാത്ത വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് മൂന്നാം തവണയും മൂല്യം നിര്‍ണയം നടത്താന്‍ മന്ത്രിയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത അദാലത്ത് തീരുമാനിച്ചിരുന്നു. ഇത് വന്‍വിവാദമായപ്പോഴാണ് പരാതി ഗവര്‍ണരുടെ മുന്നിലെത്തിയത്. അദാലത്തിലെടുത്ത ചട്ടവിരുദ്ധമായ മൂന്നാം മൂല്യം നിര്‍ണയം വിസി ശരിവെച്ചതിനെയും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ഈ റിപ്പോര്‍ട്ട് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഗവര്‍ണര്‍ വിശദീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com