മെട്രോ സ്‌റ്റേഷന് അടിയില്‍ കിടന്നുറങ്ങിയവരെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി; നേരിട്ടെത്തി ജില്ലാ കളക്ടര്‍

കലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് മെട്രോ സ്‌റ്റേഷന് അടിയില്‍ കിടന്നുറങ്ങിയിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ജില്ലാ കളക്ടര്‍
മെട്രോ സ്‌റ്റേഷന് അടിയില്‍ കിടന്നുറങ്ങിയവരെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി; നേരിട്ടെത്തി ജില്ലാ കളക്ടര്‍

കൊച്ചി: കലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് മെട്രോ സ്‌റ്റേഷന് അടിയില്‍ കിടന്നുറങ്ങിയിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ജില്ലാ കളക്ടര്‍. രാത്രി പത്തുമണിയോടെ കലൂര്‍ ജംക്ഷനിലെത്തിയ ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം വഴിയിരികില്‍ കിടന്നുറങ്ങിയ ഭിക്ഷക്കാരെയും ഇതര സംസ്ഥാന തൊഴിലാളികളെയുമടക്കം ആംബുലന്‍സില്‍ കയറ്റി സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള കാക്കനാട് തെരുവ് വെളിച്ചം അഭയകേന്ദ്രത്തിലേക്ക് മാറ്റി. 

ഇവര്‍ക്ക് ചികിത്സയും നല്ല ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. വഴിയരികില്‍ കിടന്നുറങ്ങുന്നത് അപകടകരവും വലിയ സുരക്ഷാ പ്രശ്‌നവുമാണ് സൃഷ്ടിക്കുന്നത്. ഇതു പരിഹരിക്കുന്നതിനും ഇവര്‍ക്കാവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത്. കലൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്ത് കാലില്‍ വലിയ മുറിവുമായി കിടന്നിരുന്നയാളെ കളക്ടര്‍ നേരിട്ടെത്തി വൈദ്യസഹായം ലഭ്യമാക്കും എന്നറിയിച്ചു. കാലില്‍ മുറിവുണ്ടായി കുഴിയായി അവശ നിലയില്‍ കിടന്നിരുന്ന ഇയാളെ നാട്ടുകാരാണ് കളക്ടര്‍ക്ക് കാണിച്ചുകൊടുത്തത്. തുടര്‍ന്ന് കളക്ടര്‍ ഇയാള്‍ക്കരികിലെത്തി എല്ലാ ചികിത്സയും ലഭ്യമാക്കാമെന്നറിയിക്കുകയും ആംബുലന്‍സില്‍ കയറ്റുകയുമായിരുന്നു. ഇയാള്‍ക്ക് കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭ്യമാക്കും.

തെരുവോരം മുരുകന്റെ നേതൃത്വത്തിലാണ് ഇവരെ ആംബുലന്‍സില്‍ അഭയകേന്ദ്രത്തിലെത്തിക്കുന്നത്. ആകെ നാല് പേരെയാണ് കലൂര്‍ പരിസരത്തു നിന്ന് നീക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com