ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ കേരള സര്‍ക്കാരിനെ കിട്ടില്ല; കൂറ് ഭരണഘടനയോട് മാത്രമെന്ന് പിണറായി

രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ്‌പൗരത്വഭേദഗതി നിയമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഫോട്ടോ: ബിപി ദീപു
ഫോട്ടോ: ബിപി ദീപു


തിരുവനന്തപുരം:  രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ്‌
പൗരത്വഭേദഗതി നിയമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴത്തെ ഗുരുതരമായ പ്രശ്‌നം കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പൗരത്വഭേദഗതി നിയമത്തിനെതിരേ സംസ്ഥാനത്തെ ഭരണ -പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ സംയുക്ത സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

പൗരത്വ ഭേദഗതി നിയമം കേരളം ഒറ്റെക്കട്ടായി എതിര്‍ക്കുന്നു. ഭരണപ്രതിപക്ഷ സംയുക്ത പ്രതിഷേധം ഇതാണ് കാണിക്കുന്നത്. മതനിരപേക്ഷത നാട്ടില്‍ പാടില്ലെന്ന ആര്‍എസ്എസ് അജണ്ട നാടിനെ മതാതിഷ്ഠിത രാഷ്ട്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. രാജ്യത്താകെ സ്‌ഫോടാനാത്മകമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇതിലൂടെ രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലേക്ക് തിരിക്കാനുള്ള ശ്രമം നടക്കുന്നു. അത് വിലപ്പോകില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഇത്തരമൊരു നിയമത്തില്‍ സംസ്ഥാനത്തിന് തീരുമാനം എടുക്കാനാകുമോയെന്നാണ് ചിലരുടെ ആശങ്ക. രാജ്യത്തെ പൗരത്വനിയമം രൂപികരിക്കുന്നതും നിലനില്‍ക്കുന്നതും ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. സംസ്ഥാന സര്‍ക്കാരിന് പ്രതിബദ്ധത ഭരണഘടനയോടാണ്.  ഭരണഘടനയോട് പ്രതിബദ്ധത പുലര്‍ത്താത്ത നടപടികളുമായി ആരുമുന്നോട്ടുവന്നാലും എതിര്‍ക്കുന്നത് ഭരണഘടനയോടുള്ള കൂറുപുലര്‍ത്തലാണ്. അര്‍എസ്എസിനെ പോലുള്ളവര്‍ സൃഷ്ടിക്കുന്ന അജണ്ടയെ അംഗീകരിക്കാന്‍ ഈ സര്‍ക്കാരിനെ കിട്ടില്ലെന്നും പിണറായി പറഞ്ഞു

ഭരണഘടനാ മുല്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എല്ലാ മതവിശ്വാസികള്‍ക്കും ഒരു മതവിശ്വാസം ഇല്ലാത്തവര്‍ക്കും ജീവിക്കാനുള്ള മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്താണ് പൗരത്വ നിയമം പാസാക്കിയിരിക്കുന്നത്. രാജ്യമാകെ ഉയര്‍ന്നുവന്ന പ്രതിഷേധത്തില്‍ കേരളമാകെ ഒറ്റക്കെട്ടായി നീങ്ങുന്നുവെന്ന സന്ദേശം ലോകത്തിന് നല്‍കുന്നതാണ് ഈ കൂട്ടായ്മയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

മുഖ്യമന്ത്രിക്ക് പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, എല്‍ഡിഎഫ്‌ യുഡിഎഫ് കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com