90വയസ്സുകാരിയായ ഒരു പാവം തമ്പുരാട്ടിയെ കേരള പൊലീസ് വലിച്ചിഴച്ചപ്പോള്‍ ആരും മിണ്ടിയില്ലല്ലോ?; രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തത് ഉയര്‍ത്തികാണിക്കുന്നു: ബി ഗോപാലകൃഷ്ണന്‍

90 വയസ്സായ ഒരു പാവം തമ്പുരാട്ടിയെ ശബരിമല വിഷയത്തില്‍ വലിച്ചിഴച്ചുകൊണ്ടുപോയപ്പോള്‍ ഇവിടുത്തെ മാധ്യമങ്ങള്‍ മിണ്ടിയില്ലല്ലോ
90വയസ്സുകാരിയായ ഒരു പാവം തമ്പുരാട്ടിയെ കേരള പൊലീസ് വലിച്ചിഴച്ചപ്പോള്‍ ആരും മിണ്ടിയില്ലല്ലോ?; രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തത് ഉയര്‍ത്തികാണിക്കുന്നു: ബി ഗോപാലകൃഷ്ണന്‍

കൊച്ചി: പൗരത്വനിയമഭേദഗതിക്കെതിരായി രാജ്യവ്യാപകമായി പ്രതിഷേധമൊന്നും നടക്കുന്നില്ലെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ചരിത്രകാരന്‍  രാമചന്ദ്രഗുഹയെ അറസ്റ്റ് ചെയ്തതിനെ കേരളത്തിലെ മാധ്യമങ്ങള്‍ വല്ലാതെ ഉയര്‍ത്തിക്കാണിക്കുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യുസിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.

90 വയസ്സായ ഒരു പാവം തമ്പുരാട്ടിയെ ശബരിമല വിഷയത്തില്‍ വലിച്ചിഴച്ചുകൊണ്ടുപോയപ്പോള്‍ ഇവിടുത്തെ മാധ്യമങ്ങള്‍ മിണ്ടിയില്ലല്ലോ. ഈ കേരളത്തില്‍ അതും മതത്തിന്റെ വിഷയമായിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിനാളുകള്‍ നരകയാതനകള്‍ അനുഭവിക്കുന്ന രീതിയില്‍ കേരളാ പൊലീസ് വേട്ടയാടിയപ്പോള്‍ ആരും മിണ്ടിയിരുന്നില്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. മത വിശ്വാസവുമായി ബന്ധപ്പെട്ടായിരുന്നു ശബരിമല സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗളൂരു ടൗണ്‍ ഹാളിനു മുന്നില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രതിഷേധിക്കാന്‍ എത്തിയപ്പോഴാണ് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗാന്ധിജിയുടെ ചിത്രം കയ്യിലേന്തി മാധ്യമങ്ങളുമായി സംസാരിച്ചു നില്‍ക്കെയാണ് പൊലീസ് തന്നെ ബലം പ്രയോഗിച്ചു നീക്കിയതെന്ന് ഗുഹ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ വിവേചനപരമായ നിലപാടിനെതിരെയാണ് സമാധാനപരമായി പ്രതിഷേധിക്കുന്നത്. എന്തെങ്കിലും അക്രമത്തിന്റെ സൂചനയെങ്കിലും ഇവിടെയുണ്ടോ എന്നു ചോദിച്ചു തീരുന്നതിനു മുന്‍പേ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു നീക്കിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുഹയ്‌ക്കൊപ്പം പത്തിലധികം വിദ്യാര്‍ഥികളേയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ജാമിയ മില്ലിയ പൊലീസ് കടന്നുകയറ്റത്തിനു പിന്നാലെ, ഞായറാഴ്ച രാത്രി തന്നെ രാമചന്ദ്രഗുഹ വിദ്യാര്‍ഥികള്‍ക്കൊപ്പം ടൗണ്‍ ഹാളിനു മുന്നില്‍ പ്രതിഷേധ രംഗത്ത് സജീവമായിരുന്നു. തുടര്‍ന്ന് സര്‍ക്കാരിനെ വിമര്‍ശിച്ച് ഒട്ടേറെ ട്വീറ്റുകളും അദ്ദേഹം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com