'നമ്മള്‍ നമുക്കായി'; പുതിയ കേരളം പടുത്തുയര്‍ത്താന്‍ പൊതുജനാഭിപ്രായം അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍, പോര്‍ട്ടല്‍ ആരംഭിച്ചു

റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായാണ് നമ്മള്‍ നമുക്കായ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്.
'നമ്മള്‍ നമുക്കായി'; പുതിയ കേരളം പടുത്തുയര്‍ത്താന്‍ പൊതുജനാഭിപ്രായം അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍, പോര്‍ട്ടല്‍ ആരംഭിച്ചു

തിരുവനന്തപുരം: അതിജീവന ക്ഷമതയുളള കേരളത്തെ രൂപപ്പെടുത്തുന്നതിന് പൊതുജന അഭിപ്രായം രേഖപ്പെടുത്താനായി പോര്‍ട്ടലുമായി സംസ്ഥാന സര്‍ക്കാര്‍.പൊതുജനങ്ങള്‍ക്ക് തങ്ങളുടെ സ്വപ്‌നങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതിനുളള 'നമ്മള്‍ നമുക്കായ്' പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായാണ് നമ്മള്‍ നമുക്കായ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്. www.rebuild.kerala.gov.in എന്ന വെബ്‌സൈറ്റിലെ നമ്മള്‍ നമുക്കായ് ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ പോര്‍ട്ടലില്‍ പ്രവേശിക്കാം. ഇന്ത്യക്കകത്തും, പുറത്തുമുളള വ്യക്തികള്‍, സംഘടനകള്‍ തുടങ്ങിയവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുളള സംവിധാനം പോര്‍ട്ടലില്‍ ലഭ്യമാണ്. ഇംഗ്ലീഷിലും മലയാളത്തിലും അഭിപ്രായം രേഖപ്പെടുത്താം. കടലാസില്‍ എഴുതി അപ് ലോഡ് ചെയ്യാനും സാധിക്കും.

ഭൂവിനിയോഗം, ജലപരിപാലനം, പ്രാദേശിക സമൂഹവും അതിജീവനവും, വനപരിപാലനം, ഗതാഗതം/വാര്‍ത്താവിനിമയം/സാങ്കേതികവിദ്യ എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകളായി തരംതിരിച്ചാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത്. കൂടാതെ കൃഷി, ഖനനം, ഭൂപരിപാലനം, ആവാസം, ദുരന്ത സാദ്ധ്യതാമേഖലകള്‍ എന്നിവയെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്.

ലോകത്തെവിടെയിരുന്നും വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ക്ക് ഓണ്‍ലൈനായി വെബിനാറില്‍ പങ്കെടുക്കുന്നതിനും സൈറ്റില്‍ സൗകര്യമൊരുക്കും. 2020 ഫെബ്രുവരി മാസത്തില്‍ നടക്കുന്ന ഗ്രാമസഭകളില്‍ നമ്മള്‍ നമുക്കായ് വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. ഗ്രാമസഭകളില്‍ ഉരിത്തിരിയുന്ന ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. തുടര്‍ന്ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്തി നവകേരളത്തെ പടുത്തുയര്‍ത്താന്‍ പുതിയ നയം രൂപീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com