പ്ലാസ്റ്റിക് നിരോധനം: കടകള്‍ കയറിയിറങ്ങി എംഎല്‍എ; 'ഒപ്പമുണ്ട്'; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ (വീഡിയോ)

വട്ടിയൂര്‍കാവ് മണ്ഡലത്തിലെ എംഎല്‍എ വികെ പ്രശാന്താണ് കടകള്‍ തോറും കയറിയിറങ്ങി പ്ലാസ്റ്റിക് നിരോധനത്തിന്റെ പ്രാധാന്യം കടയുടമകളെ ബോധ്യപ്പെടുത്തുന്നത്
പ്ലാസ്റ്റിക് നിരോധനം: കടകള്‍ കയറിയിറങ്ങി എംഎല്‍എ; 'ഒപ്പമുണ്ട്'; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ (വീഡിയോ)

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന്റെ ഭാഗമായി തന്റെ മണ്ഡലത്തിലെ ഓരോ കടകളിലും കയറിയിറങ്ങി ബോവത്കരണം നടത്തുകയാണ് ഈ എംഎല്‍എ. വട്ടിയൂര്‍കാവ് മണ്ഡലത്തിലെ എംഎല്‍എ വികെ പ്രശാന്താണ് കടകള്‍ തോറും കയറിയിറങ്ങി പ്ലാസ്റ്റിക് നിരോധനത്തിന്റെ പ്രാധാന്യം കടയുടമകളെ ബോധ്യപ്പെടുത്തുന്നത്.

കടകളില്‍ നിന്നും പ്ലാസ്റ്റിക് കവറുകളില്‍ സാധനം വാങ്ങുന്നവര്‍ക്കും പൊതുനിരത്തുകളില്‍ കവറില്‍ സാധനങ്ങളുമായി നില്‍ക്കുന്നവര്‍ക്കും കടയുടമകള്‍ക്കും എംഎല്‍എ തുണി സഞ്ചികള്‍ വിതരണം ചെയ്തു. എംഎല്‍എയ്‌ക്കൊപ്പം നിരവധി ആളുകളും ബോധവത്കരണത്തില്‍ പങ്കുചേര്‍ന്നു. ചില കടയുടമകള്‍ അവരുടെ ആശങ്കകളും എംഎല്‍എയോട് പങ്കുവെച്ചു. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ എംഎല്‍എയുടെ ഈ പ്രവര്‍ത്തനത്തെ ഏറ്റെടുത്തിരിക്കുകയാണ്. ഞങ്ങളൊപ്പമുണ്ട് എല്ലാ ശരിയാകുമെന്നാണ് ഭുരിപക്ഷം പേരുടെയും പ്രതികരണങ്ങല്‍

ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ഉത്തരവ് ബാധകമാണ്. നിര്‍മാണവും വില്‍പ്പനയും മാത്രമല്ല, സൂക്ഷിക്കലും നിരോധിക്കാനാണ് തീരുമാനം.  ഏതുകനത്തിലുള്ള പ്ലാസ്റ്റിക് ബാഗായാലും നിരോധനം ബാധകമാണ്.

300 മില്ലീ ലിറ്ററിന് മുകളിലുള്ള കുപ്പികളും പ്ലാസ്റ്റിക് ക്യാരിബാഗുകളും ഗാര്‍ബേജ് ബാഗുകളും നിരോധിക്കുന്നതിലുള്‍പ്പെടും. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയും ഈടാക്കും. ആദ്യം 10000 രൂപയും നിയമലംഘനം തുടര്‍ന്നാല്‍ 50,000 പിഴയും തടവു ശിക്ഷയും വരെ ലഭിക്കും. നിലവില്‍ 50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനുമാണ് നിരോധനം പ്രബല്യത്തില്‍ വരുത്തുന്നതിനുള്ള ചുമതല. കലക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്ര ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്.

അതേസമയം പ്ലാസ്റ്റിക് നിരോധനത്തില്‍ പ്രതിഷേധിച്ച്  സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കടയടപ്പ് സമരം നടത്തുമെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി വ്യക്തമാക്കി.  ബദല്‍ സംവിധാനം ഒരുക്കുന്നതുവരെ പ്ലാസ്റ്റിക് ഉപയോഗം അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

പ്ലാസ്റ്റിക് നിരോധനം വന്‍കിട കച്ചവടക്കാരെ സഹായിക്കാനാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി.നസിറുദ്ദീന്‍ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്ന ബുധനാഴ്ച മുതല്‍ സമരം നടത്തുമെന്നും വ്യാഴാഴ്ച മുതല്‍ കടയടച്ച് പ്രതിഷേധിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. പിഴ ഈടാക്കാനുള്ള തീരുമാനം ശരിയല്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com