രക്ഷിതാക്കളെ അസഭ്യം പറഞ്ഞ സ്‌കൂള്‍ പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്; മുഖ്യമന്ത്രിക്ക് പരാതി

ഡോളിയെ കയ്യേറ്റം ചെയ്യുമെന്ന നിലയില്‍ വരെ അധ്യാപകരെത്തി. പ്രിന്‍സിപ്പലിന്റെ നിലവിട്ട പെരുമാറ്റം രക്ഷിതാക്കള്‍ ചോദ്യം ചെയ്തപ്പോള്‍ കടുത്ത ഭാഷയിലായിരുന്നു ശകാരം
രക്ഷിതാക്കളെ അസഭ്യം പറഞ്ഞ സ്‌കൂള്‍ പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്; മുഖ്യമന്ത്രിക്ക് പരാതി

കൊച്ചി: വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് സ്‌കൂളിലെത്തിയ രക്ഷിതാക്കളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പലിനും പ്രധാന അധ്യാപികയ്ക്കുമെതിരെ പൊലീസ് കേസെടുത്തു.

അധ്യാപകരില്‍ നിന്നുണ്ടായ നടപടികളെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വാളകം പള്ളിത്താഴത്ത് കുടിലില്‍ വീട്ടില്‍ ഡോളി ബെന്നിയെയും മകനും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ വിന്‍സ് ബെന്നിനെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: 
വാളകം ബ്രൈറ്റ് പബഌക് സ്‌കൂളില്‍ അധ്യാപിക നിര്‍ദ്ദേശിച്ച പുസ്തകമില്ലാതെ 2 ദിവസം തുടര്‍ച്ചയായി സ്‌കൂളിലെത്തിയതിന് ഏഴാംക്ലാസ് വിദ്യാര്‍ത്ഥികളായ ബെന്നിനെയും മാധവരാജിനെയും പ്രിന്‍സിപ്പല്‍ ക്ലാസിന് പുറത്തു നിര്‍ത്തി. ഉടന്‍ സ്‌കൂളിലെത്തണമെന്ന് രക്ഷാകര്‍ത്താക്കളെ ഫോണില്‍ അറിയിച്ചു. തുടര്‍ന്നാണ് വിന്‍സിയുടെ അമ്മ ഡോളിയും മാധവിന്റെ അച്ഛന്‍ മോഹന്‍രാജും വ്യാഴാഴ്ച ഉച്ചയോടെ സ്‌കൂളിലെത്തിയത്.

ഇവരെ പ്രിന്‍സിപ്പലും പ്രധാന അധ്യാപികയും ചേര്‍ന്ന് രൂക്ഷമായ ഭാഷയില്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഡോളിയെ കയ്യേറ്റം ചെയ്യുമെന്ന നിലയില്‍ വരെ അധ്യാപകരെത്തി. പ്രിന്‍സിപ്പലിന്റെ നിലവിട്ട പെരുമാറ്റം രക്ഷിതാക്കള്‍ ചോദ്യം ചെയ്തപ്പോള്‍ കടുത്ത ഭാഷയിലായിരുന്നു ശകാരം. സംഭവം കണ്ടുനിന്ന കുട്ടികളും ഭയന്നു.

വിന്‍സ് ബെന്നിക്ക് കടുത്തപനിയാണിപ്പോള്‍. ഡോളി മാനസിക സമ്മര്‍ദ്ദം മൂലം അവശനിലയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രിന്‍സിപ്പലിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയെങ്കിലും ഇയാള്‍ വീണ്ടും ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് കേസെടുത്തു. ഡോളിന്റെയും മോഹന്‍രാജിന്റെയും മൊഴി രേഖപ്പെടുത്തി.

സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രിന്‍സിപ്പലിന്റെ സമാനമായ പെരുമാറ്റം മൂലം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും വിദ്യാര്‍ത്ഥികളെ പൊലീസിന്റെ സാന്നിധ്യത്തില്‍ കൗണ്‍സിലിങിന് വിധേയരാക്കണമെന്നും യോഗ്യതയില്ലാത്ത പ്രിന്‍സിപ്പലിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡോളിയും മോഹന്‍രാജും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com