ശാസ്ത്ര ബോധത്തിന് പകരം കുട്ടിച്ചാത്തന്‍ സേവയെ പ്രോല്‍സാഹിപ്പിക്കുന്നു ; കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

രാമായണ മഹാഭാരത കഥാസന്ദര്‍ഭങ്ങള്‍ക്ക് ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന് പ്രചരിപ്പിക്കാന്‍ അക്കാദമിസ്റ്റുകള്‍ പോലും ശ്രമിക്കുന്നു
ശാസ്ത്ര ബോധത്തിന് പകരം കുട്ടിച്ചാത്തന്‍ സേവയെ പ്രോല്‍സാഹിപ്പിക്കുന്നു ; കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ശാസ്ത്രത്തെപ്പോലും ഹൈന്ദവവല്‍ക്കരിക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ അന്ധവിശ്വാസം വളരുകയാണ്. ശാസ്ത്രബോധത്തെ യുക്തി രഹിതമാക്കാനാണ് ശ്രമം നടക്കുന്നതെന്നും ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 

രാമായണ മഹാഭാരത കഥാസന്ദര്‍ഭങ്ങള്‍ക്ക് ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന് പ്രചരിപ്പിക്കാന്‍ അക്കാദമിസ്റ്റുകള്‍ പോലും ശ്രമിക്കുന്നു. ശാസ്ത്ര ബോധത്തിന് പകരം കുട്ടിച്ചാത്തന്‍ സേവയെ പ്രോല്‍സാഹിപ്പിക്കുകയാണ്. ശാസ്ത്രചിന്തയും യുക്തി ബോധവും നഷ്ടപ്പെടുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. 

ശാസ്ത്രസാങ്കേതിക രംഗത്ത് വിസ്മയകരമായ പുരോഗതി കൈവരിച്ച രാജ്യങ്ങളില്‍ തന്നെ നല്ലൊരു വിഭാഗം ജനത മാന്ത്രികവിദ്യ, നക്ഷത്രഭാവി എന്നിവയിലൊക്കെ വിശ്വസിക്കുന്നു. സാക്ഷര കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. അക്ഷയ ത്രിതീയ , മാന്ത്രിക ഏലസ്സ്, കംപ്യൂട്ടര്‍ ജാതകം, ഓജ ബോര്‍ഡ് ഇങ്ങനെ പലതും നമ്മുടെ നാട്ടിലും പറന്നെത്തിയിരിക്കുന്നു. പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുമെന്ന് പറഞ്ഞ് മാന്ത്രിക മോതിരം വരെ വ്യാപകമായി വില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അനിയന്ത്രിതമായ പ്രകൃതി ചൂഷണം പ്രകൃതി ദുരന്തത്തിന് ഇടയാക്കുന്നു. തുടര്‍ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കര്‍മ്മപദ്ധതി തയ്യാറാക്കുകയാണ്. കര്‍മ്മപദ്ധതിക്ക് ശാസ്ത്ര ലോകത്തിന്റെ വലിയ പങ്കുണ്ട്. പ്രളയത്തില്‍ നഷ്ടപ്പെട്ട ജൈവസമ്പത്ത് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com