കൃതി 2019: 125 പ്രസാധകര്‍; 250 സ്റ്റാളുകള്‍; കേരള വിപണിയില്‍ ലഭ്യമല്ലാത്ത കൂടുതല്‍ പുസ്തകങ്ങളെത്തും

സാംസ്‌കാരിക കേരളം കാത്തിരിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്‌സവത്തിനുള്ള സ്റ്റാളുകളുടെ ബുക്കിംഗ് പ്രതീക്ഷിച്ചതിലും നേരത്തേ തന്നെ അവസാനിച്ചതായി സംഘാടകര്‍
കൃതി 2019: 125 പ്രസാധകര്‍; 250 സ്റ്റാളുകള്‍; കേരള വിപണിയില്‍ ലഭ്യമല്ലാത്ത കൂടുതല്‍ പുസ്തകങ്ങളെത്തും

കൊച്ചി: സാംസ്‌കാരിക കേരളം കാത്തിരിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്‌സവത്തിനുള്ള സ്റ്റാളുകളുടെ ബുക്കിംഗ് പ്രതീക്ഷിച്ചതിലും നേരത്തേ തന്നെ അവസാനിച്ചതായി സംഘാടകര്‍. കൂടുതല്‍ വിസ്തൃതിയില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന പൂര്‍ണമായും ശീതികരിച്ച പ്രദര്‍ശന നഗരിയില്‍ 250 സ്റ്റാളുകളാണ് ഒരുങ്ങുന്നത്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള 125ലേറെ പ്രസാധകര്‍ ഇവയ്ക്ക് മുഴുവന്‍ ബുക്കിംഗ് നല്‍കിക്കഴിഞ്ഞു. 22 ചെറുകിട പ്രസാധകരുടെ സ്റ്റാന്‍ഡുകളുള്‍പ്പെടെയാണിത്. സാധാരണ നിലയ്ക്ക് കേരള വിപണയില്‍ ലഭ്യമല്ലാത്ത പതിനായിരക്കണക്കിന് അക്കാദമിക്, ഇംഗ്ലീഷ്, ചില്‍ഡ്രന്‍സ് പുസ്തകങ്ങളും മേളയില്‍ അണിനിരക്കും.

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്, ഓക്‌സഫോഡ് യൂണിവേഴ്‌സിറ്റി പ്രസ്, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്, സേജ്, മക് ഗ്രാഹില്‍, എസ്. ചന്ദ് ആന്‍ഡ് കമ്പനി തുടങ്ങിയ പ്രമുഖ ഇംഗ്ലീഷ് പ്രസാധകരും അമര്‍ ചിത്രകഥ, സ്‌കോളാസ്റ്റിക്‌സ്, തൂലിക, സ്‌പൈഡര്‍, പെഗാസസ് തുടങ്ങിയ കുട്ടികളുടെ പുസ്തക പ്രസാധകരും എസ്പിസിഎസ്, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, ഡിസി ബുക്‌സ്, മാതൃഭൂമി ബുക്‌സ്, മനോരമ, പൂര്‍ണ, സിഐസിസി, ഗ്രീന്‍ ബുക്‌സ് തുടങ്ങിയ മിക്കവാറും എല്ലാ മലയാള പ്രസാധകരും കൃതിയില്‍ പുസ്തകങ്ങളുടമായെത്തും. 

പുസ്തകോത്സവത്തിനു സമാന്തരമായി വിവിധ വിഷയങ്ങളില്‍ ഗഹനങ്ങളായ ആശയങ്ങള്‍ അവതരിപ്പിക്കുന്ന വിജ്ഞാനോത്സവം, പത്തു ദിവസവും വൈകീട്ട് സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, വൈവിധ്യമാര്‍ന്ന വിഭവങ്ങളൊരുക്കുന്ന ഭക്ഷ്യമേള, കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍ തുടങ്ങിയവകളാല്‍ വര്‍ധിച്ച ജനപങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് കൃതി ജനറല്‍ കണ്‍വീനര്‍ എസ്. രമേശന്‍ പറഞ്ഞു. ഇവയ്ക്കു പുറമെ 'ഒരു കുട്ടിക്ക് ഒരു പുസ്തകം', 'പ്രളയ ബാധിത ലെബ്രറികള്‍ക്ക് കെത്താങ്ങ്' എന്നീ പദ്ധതികളും ചേരുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ കൃതിയേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന വില്‍പ്പനയ്ക്കും കൃതി 2019 സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം കൃതി സന്ദര്‍ശിച്ചത്. 42,500 ചതുരസ്ര അടി വിസ്തൃതിയുണ്ടായിരുന്ന പ്രദര്‍ശന നഗരിയില്‍ 180ഓളം സ്റ്റാളുകളിലായി 100 പ്രസാധകര്‍ പങ്കെടുത്തു. ഇക്കുറി 50,000 ചതുരസ്ര അടി വിസ്തൃതിയില്‍ 250ഓളം സ്റ്റാളുകളുകളിലായി 125ലേറെ പ്രസാധകരാണ് പങ്കെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com