ഭര്‍തൃവീട്ടില്‍ പ്രവേശനം വേണം : കനകദുര്‍ഗയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

ഭർത്തൃവീട്ടിൽ പ്രവേശിക്കാനും കുട്ടികൾക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കനകദുർഗ കോടതിയെ സമീപിച്ചത്
ഭര്‍തൃവീട്ടില്‍ പ്രവേശനം വേണം : കനകദുര്‍ഗയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുർഗ നൽകിയ ഹർജിയിൽ ഇന്ന് വിധി പറയും. ഭർത്തൃവീട്ടിൽ പ്രവേശിക്കാനും കുട്ടികൾക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കനകദുർഗ കോടതിയെ സമീപിച്ചത്. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് പരാതി നല്‍കിയത്. 

ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും ഒരു മണിക്കൂറോളം വാദം കേട്ടശേഷം വിധിപറച്ചിൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മലപ്പുറം പുലാമന്തോള്‍ ഗ്രാമ കോടതിയാണ് വിധി പ്രസ്താവിക്കുക. കനകദുർഗയുടെ ഭർത്താവ് കൃഷ്ണനുണ്ണിയും ഭർത്തൃമാതാവ് സുമതി അമ്മയും ഇന്നലെ കോടതിയിൽ ഹാജരായിരുന്നു.  കനകദുർഗയ്ക്ക് വേണ്ടി അഭിഭാഷകയാണ് ഹാജരായത്. 

സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട രേഖകളടക്കം ഇന്നലെ കോടതിയിൽ ഹാജരാക്കി. സുപ്രീംകോടതിയിൽ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് മറ്റൊരു ഹർജിയാണ് സമർപ്പിച്ചതെന്നും കനകദുർഗയുടെ അഭിഭാഷക അറിയിച്ചു. 

ശബരിമല ദര്‍ശനത്തിന് ശേഷം സംഘപരിവാര്‍ പ്രതിഷേധം ഭയന്ന് ഒളിവില്‍ താമസിച്ചിരുന്ന കനകദുര്‍ഗ പിന്നീട് ഭര്‍തൃവീട്ടിലെത്തിയപ്പോള്‍, ഭര്‍തൃമാതാവ് സുമതിയും ബന്ധുക്കളും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍തൃമാതാവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുക്കുയും ചെയ്തിരുന്നു. 

ഇതിന് പിന്നാലെ കനകദുര്‍ഗ മര്‍ദിച്ചു എന്നാരോപിച്ച് സുമതിയും പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയിലും പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭര്‍തൃവീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കനകദുര്‍ഗ വനിതാ ഷെല്‍ട്ടറിലാണ് താമസിക്കുന്നത്. ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com