കഞ്ചിക്കോട് തീപിടുത്തം, ജീവനക്കാരിയുടെ നില ഗുരുതരം: ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

അസംസ്‌കൃതവസ്തുക്കള്‍ കയറ്റിയ ലോറിയിലും തീ പടര്‍ന്നു. ലോറി പൂര്‍ണമായി കത്തി നശിച്ചു
കഞ്ചിക്കോട് തീപിടുത്തം, ജീവനക്കാരിയുടെ നില ഗുരുതരം: ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

പാലക്കാട്: കഞ്ചിക്കോട് വന്‍ തീപിടുത്തം ഉണ്ടായ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്. തീപിടുത്തത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റ ജീവനക്കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. അഗ്‌നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്.

ജീവനക്കാര്‍ ടിന്നുകളില്‍ ടര്‍പ്പന്‍ടൈന്‍ നിറയ്ക്കുമ്പോള്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. ഇതിനിടെ ജീവനക്കാരിയായ അരുണയുടെ ദേഹത്തേക്ക് തീ പടര്‍ന്നു. മറ്റ് ജീവനക്കാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കെലും പരാജയപ്പെട്ടു. ഗുരതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുണയുടെ നില ഇതീവ ഗുരതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ഇതിനിടെ കമ്പനിയിലെ അസംസ്‌കൃതവസ്തുക്കള്‍ കയറ്റിയ ലോറിയിലും തീ പടര്‍ന്നു. ലോറി പൂര്‍ണമായി കത്തി നശിച്ചു. അപകട സമയത്ത് അഞ്ച് ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. അഗ്‌നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീയണക്കാനുളള ശ്രമത്തിനിടെ രണ്ട് അഗ്‌നിശമന സേന ജീവക്കാര്‍ക്ക് ശ്വാസതടസമുണ്ടായി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നേരത്തെയും ഇതേ കമ്പനിയില്‍ രണ്ട് തവണ തീപിടുത്തം ഉണ്ടായിട്ടുണ്ട്. കമ്പനി പൂര്‍ണമായും കത്തി നശിച്ചു, തൊട്ടടുത്ത സ്ഥാപനങ്ങളിലേക്കും സമീപത്തെ കുറ്റിക്കാട്ടിലേക്കും തീ പടരാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. അപകടത്തെ തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ് ഉത്തരവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com