പദ്മകുമാറിനെ തളളി കടകംപളളി; 'സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ല'

ശബരിമല യുവതിപ്രവേശനത്തില്‍ സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍
പദ്മകുമാറിനെ തളളി കടകംപളളി; 'സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ല'

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനത്തില്‍ സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. കഴിഞ്ഞദിവസം ശബരിമല യുവതിപ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കവെ, സാവകാശ ഹര്‍ജിയിന്മേല്‍ ഊന്നി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാദങ്ങള്‍ നിരത്താത്തതില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന് പിന്നാലെ ദേവസ്വം മന്ത്രിയും പദ്മകുമാറിനെ തളളി രംഗത്തുവന്നത്. 

എ പദ്മകുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുമെന്നത് അഭ്യൂഹം മാത്രമാണ്. പദ്മകുമാര്‍ തല്‍സ്ഥാനത്ത് തന്നെ തുടരും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. പാര്‍ട്ടിയുമായി ബന്ധമുളളവര്‍ സെക്രട്ടറിയെ കാണുന്നത് പതിവാണെന്നും അദ്ദേഹം വ്യക്തമാക്കി.  

കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു സന്ദര്‍ശിച്ചത് ശബരിമല കേസില്‍ പദ്മകുമാറിന്റെ പരസ്യനിലപാടിലെ അതൃപ്തി അറിയിക്കാനാണ് എന്നാണ് സൂചന. അതേസമയം, ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് പദ്മകുമാര്‍ കോടിയേരിയോട് പരാതിപ്പെട്ടതായും വിവരമുണ്ട്. കഴിഞ്ഞദിവസം സുപ്രിംകോടതിയില്‍ നടന്ന കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്ന് പദ്മകുമാര്‍ പരസ്യമായി പറഞ്ഞിരുന്നു. കൂടാതെ സുപ്രിംകോടതിയില്‍ നടന്ന കാര്യങ്ങളെ കുറിച്ച് ദേവസ്വം കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ടതായും പദ്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com