എംഎല്‍എ തമ്പുരാനെ, രാജേന്ദ്രന്‍ തമ്പുരാനെ മാപ്പാക്കണേ; ടെലിവിഷന്‍ ചര്‍ച്ചക്കിടെ എസ് രാജേന്ദ്രനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍

എംഎല്‍എ തമ്പുരാനെ, രാജേന്ദ്രന്‍ തമ്പുരാനെ മാപ്പാക്കണേ - ടെലിവിഷന്‍ ചര്‍ച്ചക്കിടെ എസ് രാജേന്ദ്രനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍
എംഎല്‍എ തമ്പുരാനെ, രാജേന്ദ്രന്‍ തമ്പുരാനെ മാപ്പാക്കണേ; ടെലിവിഷന്‍ ചര്‍ച്ചക്കിടെ എസ് രാജേന്ദ്രനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍

കൊച്ചി:  എംഎല്‍എയെന്ന് പറയാനുള്ള അവകാശം ഒരു ഐഎഎസ് ഓഫീസര്‍ക്കില്ല, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു സൗഹൃദത്തിന്റെ പേരില്‍ എംഎല്‍എയെന്ന് വിളിക്കാം. മറിച്ച് പ്രായം കുറഞ്ഞ ഐഎഎസുകാര്‍ക്ക് എംഎല്‍എയെന്ന് വിളിക്കാന്‍ അവസരമില്ലെന്ന് പറഞ്ഞ  സിപിഎം എംഎല്‍എ എസ് രാജേന്ദ്രനെ ചര്‍ച്ചക്കിടെ കളിയാക്കി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. എംഎല്‍എ തമ്പുരാനെ, രാജേന്ദ്രന്‍ തമ്പുരാനെ മാപ്പാക്കണമെന്നായിരുന്നു ജയശങ്കറുടെ പരിഹാസം. ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ ബുദ്ധിയില്ലാത്തവളെന്ന് വിളിച്ചതായിരുന്നു ചര്‍ച്ചയ്ക്കാധാരമായ വിഷയം.

ആത്മാഭിനമുള്ള കുട്ടികളാരും ഐഎഎസ് പരീക്ഷകള്‍ എഴുതാന്‍ പോകരുത്. ഇവരുടെ ആജ്ഞാനുവര്‍ത്തികളാവേണ്ട ഗതികേടാണ് ഇവര്‍ക്ക് ഉണ്ടാവുക.എംഎല്‍എ രാജേന്ദ്രനില്‍ നിന്നുണ്ടായ ഈ പരിഹാസമാണ് ഈ ഉദ്യോഗസ്ഥയ്ക്ക് ജീവിതത്തില്‍ കിട്ടുന്ന വലിയ ഗതികേടെന്നും ജയശങ്കര്‍ പറഞ്ഞു.

അതേസമയം മാപ്പ് പറയേണ്ടതുണ്ടെങ്കില്‍ മാപ്പ് പറയുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ നിലപാട്. എന്നാല്‍ ഇവിടെ മാപ്പ് പറയില്ല. ചില സാഹചര്യങ്ങളില്‍ ചില കാര്യങ്ങള്‍ പറയേണ്ടി വരും. ഇവിടെ സര്‍ക്കാര്‍ ഒരു നിലപാട് എടുത്തിട്ടുണ്ട്. സബ് കളക്ടര്‍ ഇരിക്കുന്ന കെട്ടിടത്തിനടുത്ത് പണിത പുതിയ കെട്ടിടത്തിന് എല്ലാ അനുമതിയുമുണ്ടോ? പദ്ധതി പൂര്‍ത്തിയാക്കുന്ന സമയത്തല്ല എതിര്‍പ്പ് പറയേണ്ടത്', എന്ന് രാജേന്ദ്രന്‍ പറഞ്ഞു. എന്റെ ഫോണ്‍ കട്ട് ചെയ്യാന്‍ സബ് കളക്ടര്‍ക്ക് അധികാരമില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.'ഞാന്‍ നേരിട്ട് പോയി സബ് കളക്ടറെ കണ്ടപ്പോള്‍ തന്റെ കാര്യം താന്‍ നോക്ക്, എന്റെ കാര്യം ഞാന്‍ നോക്കാം' എന്നാണ് രേണു രാജ് പറഞ്ഞതെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു.

മൂന്നാറില്‍ പുഴയോരം കൈയ്യേറിയുളള പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം തടഞ്ഞതാണ് എംഎല്‍എയുടെ ആക്ഷേപത്തിന് കാരണമായത്. എംഎല്‍എയുള്‍പ്പടെയുള്ളവര്‍ നിന്ന് അനധികൃത നിര്‍മ്മാണ ജോലികള്‍ നടത്തിക്കുകയും ചെയ്തു.പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിര്‍മാണത്തിനാണ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്‌റ്റോപ് മെമ്മോ നല്‍കിയത്. കെ ഡി എച്ച് കമ്പനി വാഹന പാര്‍ക്കിംഗ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ്ബ് കളക്ടര്‍ രേണു രാജിന്റെ നടപടി. എന്നാല്‍ പഞ്ചാത്തിന്റെ നിര്‍മ്മാണങ്ങള്‍ക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു എംഎല്‍എ സബ്ബ് കളക്ടറെ ബുദ്ധിയില്ലാത്തവളെന്ന് ആക്ഷേപിച്ചത്.

''അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്..  ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്ക്ന്ന്.. കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബില്‍ഡിംഗ് റൂള്‍സ് പഞ്ചായത്ത് വകുപ്പാണ്.. അവള്ക്ക് ഇടപെടാന്‍ യാതൊരു റൈറ്റുമില്ല..  അവള്‌ടെ പേരില്‍ കേസ് ഫയല്‍ ചെയ്യണം.. ഇതൊരു ജനാധിപത്യരാജ്യമല്ലേ, ജനപ്രതിനിധികളുടെ നിര്‍ദേശം കേള്‍ക്കൂലെന്ന് പറഞ്ഞെന്നാ..'' എന്നാണ് ദേവികുളം സബ്കളക്ടറെക്കുറിച്ച് എസ് രാജേന്ദ്രന്റെ പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com