സിനിമയുടെ സ്രഷ്ടാവ് സംവിധായകനാണ്, എഴുത്തുകാരനല്ല: ജോണ്‍ പോള്‍

സിനിമയുടെ സ്രഷ്ടാവ് സംവിധായകനാണ്, എഴുത്തുകാരനല്ല: ജോണ്‍ പോള്‍
സിനിമയുടെ സ്രഷ്ടാവ് സംവിധായകനാണ്, എഴുത്തുകാരനല്ല: ജോണ്‍ പോള്‍

കൊച്ചി: സിനിമ ജീവിതത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും സാഹിത്യത്തില്‍ നിന്നകലുമ്പോഴല്ല ജീവിതത്തില്‍ നിന്ന് അകലുമ്പോഴാണ് സിനിമ ഇല്ലാതാവുന്നതെന്നും മുതിര്‍ന്ന തിരക്കഥാകൃത്ത് ജോണ്‍ പോള്‍. കൃതി സാഹിത്യോത്സവത്തില്‍ സിനിമയും സാഹിത്യവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യത്തിന്റെ നിലനില്‍പിന് സിനിമയുടെ ആവശ്യമില്ലെന്നും അതിനാല്‍ സിനിമ സാഹിത്യത്തെ ഉപേക്ഷിക്കുന്നു എന്ന വാദത്തിന് പ്രസക്തിയില്ലെന്നും ജോണ്‍പോള്‍ അഭിപ്രായപ്പെട്ടു. 

സിനിമയല്ല സാഹിത്യത്തെ ജനിപ്പിച്ചതും വളര്‍ത്തിയതും. ആദിമധ്യാന്തങ്ങളുള്ള കഥകള്‍ സിനിമയ്ക്ക് അനിവാര്യമല്ല. ചെറിയ സംഭവ വികാസങ്ങള്‍ പോലും സിനിമയാവാം. ആവശ്യമുള്ളത് മാത്രം സാഹിത്യത്തില്‍ നിന്നെടുക്കുകയാണ് സിനിമയില്‍ ചെയ്യുന്നത്. ജീവിതത്തോട് ചേര്‍ന്നും അതില്‍ ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ തേടിയുമാണ് സിനിമ പോവേണ്ടത്. സിനിമയുടെ സ്രഷ്ടാവ് സംവിധായകനാണ്, എഴുത്തുകാരനല്ല- ജോണ്‍ പോള്‍ പറഞ്ഞു. 

സാഹിത്യം സിനിമയുടെ പ്രധാന പ്രമേയമായിരുന്ന കാലമുണ്ടായിരുന്നു. സാഹിത്യ കൃതികളെ അവലംബിക്കുമ്പോഴും സിനിമയ്ക്ക് മൗലികത വേണം. സാഹിത്യം പകര്‍ത്തലാവരുത് സിനിമ. ഇന്ന് 15നും 20നും ഇടക്ക് വയസ്സുള്ളവരാണ് സിനിമയെ നിര്‍ണയിക്കുന്ന പ്രേക്ഷകര്‍. അവരുടെ വേഗത്തിനനുസരിച്ച മാറ്റം ചലച്ചിത്രങ്ങളില്‍ വന്നിട്ടുണ്ടെന്നും ജോണ്‍ പോള്‍ പറഞ്ഞു.

ഒരു മിനിറ്റിലെ കഥകളുടെ കാലത്തിലേക്ക് സിനിമകള്‍ മാറിയതായി ചര്‍ച്ചയില്‍ സംസാരിച്ച എഴുത്തുകാരനും സംവിധായകനും ചലച്ചിത്ര നടനുമായ മധുപാല്‍ അഭിപ്രായപ്പെട്ടു. സാഹിത്യം വേറെയും സിനിമ വേറെയുമാണ്. സിനിമയ്ക്കുവേണ്ടിയും സാഹിത്യമെന്ന നിലയിലും രചന നടത്തുന്ന എഴുത്തുകാരുണ്ട്. ഇവ രണ്ടും ഒരുമിച്ചു കൊണ്ടുപോവാന്‍ എഴുത്തുകാര്‍ക്ക് സാധിക്കുന്നുണ്ടെന്നും മധുപാല്‍ പറഞ്ഞു. 

കഥാകൃത്തും നോവലിസ്റ്റും എന്ന നിലയിലാണ് തനിക്ക് സംതൃപ്തി ലഭിക്കുന്നതെന്നും ജീവിത മാര്‍ഗമെന്ന നിലയിലാണ് ചലച്ചിത്രത്തിനായുള്ള രചനയെ കാണുന്നതെന്നും എഴുത്തുകാരനായ വിനു എബ്രഹാം പറഞ്ഞു. തന്റെ നഷ്ടനായിക എന്ന നോവല്‍ സിനിമയായപ്പോള്‍ അതില്‍ റോസി എന്ന മലയാളത്തിലെ ആദ്യ നായികക്ക് പകരം ആദ്യ ചിത്രത്തിന്റെ സംവിധായകനായ ജെസി ഡാനിയലിനാണ് പ്രാധാന്യം ലഭിച്ചത്. സിനിമയുടെ വിജയത്തിന് അത്തരം മാറ്റങ്ങള്‍ വേണ്ടി വന്നിരുന്നു. ഖസാക്കിന്റെ ഇതിഹാസം പോലത്തെ രചനകള്‍ പലതും സിനിമയാക്കാന്‍ സംവിധായകര്‍ ആഗ്രഹിച്ചിരുന്നെങ്കിലും അത് നടപ്പാക്കാനായില്ല. ഖസാക്കിനെക്കുറിച്ച് വായനക്കാരുടെ മനസ്സില്‍ രൂപം കൊണ്ട സിനിമക്കൊപ്പമെത്താന്‍ സംവിധായകരുടെ സിനിമയ്ക്ക് കഴിയില്ലെന്നതിനാലാണതെന്നും  വിനു എബ്രഹാം   പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com