യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല ; വിലക്ക് അവിഭാജ്യമായ ആചാരമല്ല ; നിലപാടില്‍ ഉറച്ച് സര്‍ക്കാര്‍

യുവതീപ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികളില്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വാദം എഴുതി നല്‍കി
യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല ; വിലക്ക് അവിഭാജ്യമായ ആചാരമല്ല ; നിലപാടില്‍ ഉറച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി : ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാടില്‍ ഉറച്ച് സര്‍ക്കാര്‍. യുവതീപ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികളില്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വാദം എഴുതി നല്‍കി. യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍. 10 വയസ്സുള്ള പെണ്‍കുട്ടി പോലും ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാകില്ല. ഈ വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണ്.

യുവതികള്‍ക്കെതിരായ വിലക്ക് ശബരിമലയിലെ അവിഭാജ്യമായ ആചാരമല്ല. അയ്യപ്പ ഭക്തര്‍ ഒരു പ്രത്യേക വിഭാഗമല്ല. കേരളത്തില്‍ നിരവധി അയ്യപ്പക്ഷേത്രങ്ങളുണ്ട്. അവിടെയൊന്നും സ്ത്രീകള്‍ക്ക് യാതൊരു വിലക്കുമില്ല. അവിടെയൊന്നും ഒരു ക്രമസമാധാന പ്രശ്‌നവുമില്ല. ശബരിമലയില്‍ മാത്രം യുവതികളെ മാറ്റി നിര്‍ത്തണമെന്ന് പറയുന്നത് ശരിയല്ല. 

ശബരിമലയില്‍ യുവതികളെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദം അംഗീകരിക്കാനാകില്ല. 2007 വരെ 35 വയസ്സുള്ള സ്ത്രീകള്‍ക്ക് ദേവസ്വം ബോര്‍ഡ് അംഗമാകാമായിരുന്നു. 2007 ന് ശേഷമാണ് 35 വയസ്സ് എന്നതുമാറ്റി, 60 വയസ്സ് എന്നാക്കിയത്. ദേവസ്വം ബോര്‍ഡ് അംഗമായിട്ടുള്ളവര്‍ക്ക്  ശബരിമലയില്‍ പ്രവേശിക്കാമെന്നും സര്‍ക്കാര്‍ വാദത്തില്‍ ചൂണ്ടിക്കാട്ടി. 

എന്‍എസ്എസ് അടക്കമുള്ള എതിര്‍കക്ഷികളുടെ വാദത്തിന് ഓരോന്നിനും പ്രത്യേകം മറുപടിയായും സര്‍ക്കാര്‍ വാദത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ നടന്നത് പ്രാഥമിക വാദമാണ്. പുനഃപരിശോധന ഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരിക്കാന്‍ അവസരം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com