'കൊന്നും കൊല്ലിച്ചും മതിയായെങ്കില്‍ അവസാനിപ്പിച്ചുകൂടെ; നിങ്ങളെത്ര കൊന്നാലും ഈ കൊടി ഞങ്ങള്‍ താഴെ വെക്കില്ല', ഷാഫിയുടെ വികാരനിര്‍ഭരമായ കുറിപ്പ് 

കൊല്ലപ്പെടുന്നത് ഏത് കൊടിപിടിക്കുന്നവന്‍ എന്ന് നോക്കാതെ തന്നെ എതിര്‍ക്കപ്പെടേണ്ട കാടത്തമാണ് കൊലപാതക രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍
'കൊന്നും കൊല്ലിച്ചും മതിയായെങ്കില്‍ അവസാനിപ്പിച്ചുകൂടെ; നിങ്ങളെത്ര കൊന്നാലും ഈ കൊടി ഞങ്ങള്‍ താഴെ വെക്കില്ല', ഷാഫിയുടെ വികാരനിര്‍ഭരമായ കുറിപ്പ് 

കൊച്ചി: കൊല്ലപ്പെടുന്നത് ഏത് കൊടിപിടിക്കുന്നവന്‍ എന്ന് നോക്കാതെ തന്നെ എതിര്‍ക്കപ്പെടേണ്ട കാടത്തമാണ് കൊലപാതക രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. 'സഹപ്രവര്‍ത്തകര്‍ സംയമനം പാലിക്കണം .അതൊരു ദൗര്‍ബല്യമോ കഴിവ് കേടോ അല്ല . എല്ലാവര്‍ക്കും കഴിയുന്നതുമല്ല. അതിന് കഴിയാത്തവരാണ് അമ്മമാര്‍ക്ക് മക്കളെ ഇല്ലാതാക്കുന്നത്.' ഷാഫി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിലിരുന്ന് അവനവന്റെ പാര്‍ട്ടിക്കാരന്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം സന്ദര്‍ശിക്കുകയും അല്ലാത്തപ്പോള്‍ മൗനം പാലിക്കുകയും ചെയ്യുന്ന നിലപാട് കൊലപാതക രാഷ്ട്രീയ പ്രവണതകളെ ചെറുക്കാന്‍ പര്യാപ്തമല്ല എന്ന് തിരിച്ചറിയാനാവാത്ത ആളൊന്നുമല്ലല്ലോ പിണറായി . ജയരാജനെതിരായ സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമല്ല എന്ന് പറയാന്‍ വിഎസ് പോലും ശ്രമിച്ചപ്പോള്‍ മുഖ്യന്‍ പാലിച്ച മൗനം പലതിലുമുള്ള പങ്കിനെ തന്നെയാണ് കാണിക്കുന്നത്' - ഷാഫി പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കാസര്‍ഗോഡ് എത്തി .. 
പ്രിയ സഹോദരന്മാരെ അവസാന നോക്ക് കാണാന്‍..
സഹപ്രവര്‍ത്തകര്‍ സംയമനം പാലിക്കണം .
അതൊരു ദൗര്‍ബല്യമോ കഴിവ് കേടോ അല്ല .
എല്ലാവര്‍ക്കും കഴിയുന്നതുമല്ല.. അതിന് കഴിയാത്തവരാണ് അമ്മമാര്‍ക്ക് മക്കളെ ഇല്ലാതാക്കുന്നത് ..
നെഞ്ചില്‍ കൈ വെച്ച് പറയാം കോണ്‍ഗ്രസ്സിന്റെ കൊടി പിടിച്ച ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം തോന്നുന്ന വേദനയല്ല ..
അഭിമന്യു കൊല്ലപ്പെട്ടപ്പോഴും മനസ്സ് വേദനിച്ചിട്ടുണ്ട് .. പ്രതികരിച്ചിട്ടുമുണ്ട് ..ചന്ദ്രശേഖരനാണെങ്കിലും 
ഷുക്കൂറാണെങ്കിലും ഷുഹൈബാണെങ്കിലും രമിത് ആണെങ്കിലും ഹനീഫയാണെങ്കിലുമെല്ലാം ആ വേദന ഉണ്ട് .
കൊല്ലപ്പെടുന്നത് ഏത് കൊടിപിടിക്കുന്നവന്‍ എന്ന് നോക്കാതെ തന്നെ എതിര്‍ക്കപ്പെടേണ്ട കാടത്തമാണ് ഈ കൊലപാതക രാഷ്ട്രീയം .

എന്നാല്‍ സെലക്ടീവ് വേദന മാത്രം പങ്ക് വെക്കുന്ന ഇരട്ടത്താപ്പ് ഈ അക്രമങ്ങള്‍ അവസാനിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നു .
ചന്ദ്രശേഖരനെ തുണ്ടം തുണ്ടമാക്കിയ കൊടി സുനിയെ പോലും ജയിലില്‍ സന്ദര്‍ശിക്കാന്‍ കോടിയേരി ബാലകൃഷ്ണന് മടിയില്ലാതാവുമ്പോള്‍ പിന്നെ ഇതെങ്ങിനെ അവസാനിക്കും ?
കുഞ്ഞനന്തന് പരോള്‍ കൊടുക്കുന്ന നിങ്ങളുടെ മാനുഷിക പരിഗണനയില്‍ എന്തെ ജീവിച്ചിരിക്കാനുള്ള ഈ ചെറുപ്പക്കാരുടെ അവകാശം കടന്ന് വരാത്തത് ..

അണികളാരോ ജയരാജനെ കുറിച്ച് ഒരു പാട്ടെഴുതിയപ്പോ പാര്‍ട്ടി കമ്മിറ്റിയില്‍ നടപടി പ്രഖ്യാപിച്ച നിങ്ങളെന്തേ മീശ മുളച്ചിട്ടില്ലാത്ത ഒരു പയ്യനെ പട്ടാപകല്‍ 100കണക്കിന് ആളുകളുടെ മുന്നില്‍ കൊന്ന് തള്ളിയ ഉത്തരവില്‍ ഒപ്പിട്ട കാലനായി മാറിയ ജില്ലാ സെക്രട്ടറിയെ സംരക്ഷിക്കാന്‍ ഏതറ്റവും വരെ പോവുന്നത് ?
നിങ്ങളുടെ യുവജന സംഘടനയുടെ നേതാവും MLA യുമായ ഒരാള്‍ ഈ ഗൂഡാലോചനയില്‍ പങ്കാളിയാണ് എന്ന് തെളിവ് സഹിതം കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ട് പോലും പുലര്‍ത്തുന്ന മൗനത്തിന്റെ അര്‍ത്ഥമെന്താണ് ?

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിലിരുന്ന് അവനവന്റെ പാര്‍ട്ടിക്കാരന്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം സന്ദര്‍ശിക്കുകയും അല്ലാത്തപ്പോള്‍ മൗനം പാലിക്കുകയും ചെയ്യുന്ന നിലപാട് കൊലപാതക രാഷ്ട്രീയ പ്രവണതകളെ ചെറുക്കാന്‍ പര്യാപ്തമല്ല എന്ന് തിരിച്ചറിയാനാവാത്ത ആളൊന്നുമല്ലല്ലോ പിണറായി . ജയരാജനെതിരെ CBI നടപടി രാഷ്ട്രീയ പ്രേരിതമല്ല എന്ന് പറയാന്‍ VS പോലും ശ്രമിച്ചപ്പോള്‍ മുഖ്യന്‍ പാലിച്ച മൗനം പലതിലുമുള്ള പങ്കിനെ തന്നെയാണ് കാണിക്കുന്നത് ..
അല്ലെങ്കില്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ചൂണ്ടികാണിക്കേണ്ട ഗതികേടിലേക്ക് നിങ്ങള്‍ എത്തില്ലല്ലോ ..

ഷുഹൈബിനെ കൊന്ന കേസിലെ പ്രതിയെ പാര്‍ട്ടിയുടെ ഹീറോ ആയി വാഴ്ത്തുന്ന സോഷ്യല്‍ മീഡിയ വിപ്ലവത്തോട് അരുതെന്നു പറയാത്ത നിങ്ങളുടെ നിസ്സംഗത ഇനിയും കൊന്നോളൂ ആഘോഷിച്ചോളു എന്ന ആഹ്വാനമല്ലേ കൊടുക്കുന്നത് ...

കൊന്ന് കൊല്ലിച്ചും മതിയായെങ്കില്‍ കുറഞ്ഞ പക്ഷം ബോറടിക്കുകയെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അവസാനിപ്പിക്കാം ഈ കാടത്തം ..

ഇല്ലെങ്കിലും ഈ കൊടി ഞങ്ങള്‍ താഴെ വെക്കില്ല ..
നിങ്ങളെത്ര കൊന്നാലും ..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com