കെഎസ്‌യുവില്‍ നിന്ന് വളര്‍ന്നിട്ടില്ലാത്ത എംഎല്‍എ ഇതൊന്നും വായിച്ചിട്ടില്ലേ?; ജനിതകത്തകരാറാണ് എഴുത്തുകാരൊക്കെ ക്രിമിനലുകളാണെന്ന് തോന്നാന്‍ കാരണം; വിടി ബല്‍റാമിന് എതിരെ എംബി രാജേഷ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിയോജനക്കുറിപ്പ് എഴുതിയ വിടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് എംബി രാജേഷ് എംപി.
കെഎസ്‌യുവില്‍ നിന്ന് വളര്‍ന്നിട്ടില്ലാത്ത എംഎല്‍എ ഇതൊന്നും വായിച്ചിട്ടില്ലേ?; ജനിതകത്തകരാറാണ് എഴുത്തുകാരൊക്കെ ക്രിമിനലുകളാണെന്ന് തോന്നാന്‍ കാരണം; വിടി ബല്‍റാമിന് എതിരെ എംബി രാജേഷ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിയോജനക്കുറിപ്പ് എഴുതിയ വിടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് എംബി രാജേഷ് എംപി. മലയാളത്തിലെ എഴുത്തുകാര്‍ സിപിഎമ്മിനെ വിമര്‍ശിച്ചിട്ടില്ലെന്ന്! കെജി ശങ്കരപ്പിള്ളയും സച്ചിദാനന്ദനും സാറാജോസഫും ചുള്ളിക്കാടുമെല്ലാം സിപിഎമ്മിനെ വിമര്‍ശിച്ചെഴുതിയതെങ്കിലും ഇയാള്‍ വായിച്ചിട്ടില്ലേയെന്ന് രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മനോരമയും കെഎസ്‌യുവില്‍ നിന്നൊട്ടും വളര്‍ന്നിട്ടില്ലാത്ത എംഎല്‍എയും ലൈക്കെണ്ണി പുളകം കൊള്ളുകയാണ്. 'വ്യത്യസ്തനാമൊരു കോണ്‍ഗ്രസുകാരന്‍' എന്ന ഇമേജുണ്ടാക്കാനുള്ള പ്രച്ഛന്ന വേഷമാടുന്നതിനിടയില്‍ എംഎല്‍എയുടെ തനിനിറം പലപ്പോഴും പുറത്തുചാടുമെന്നും രാജേഷ് പറയുന്നു. 

മഹാനായ ഏകെജിയെ അവഹേളിച്ചപ്പോഴും വനിതയായ കൃഷി ഓഫീസര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയപ്പോഴുമെല്ലാം പരിഷ്‌കൃത മുഖംമൂടിക്കുള്ളില്‍ ഒളിപ്പിച്ചുവച്ച കെഎസ്‌യു നിലവാരം പുറത്തു ചാടിയിരുന്നു. ഇപ്പോള്‍ എഴുത്തുകാരെയെല്ലാം സാംസ്‌ക്കാരിക ക്രിമിനലുകളെന്ന് അധിക്ഷേപിക്കുന്നതും ആ കെഎസ്‌യു നിലവാരത്തില്‍ നിന്നാണ്. മലയാളത്തിലെ എഴുത്തുകാരൊന്നും സിപിഎമ്മിനെ വിമര്‍ശിക്കുന്നില്ലത്രേ. ഈ വാദത്തിന്റെ പാറ്റന്റ് സംഘപരിവാറിനാണ്. എഴുത്തുകാരെയും ബുദ്ധിജീവികളെയും ഭര്‍ത്സിക്കലും സംഘപരിവാര്‍ ഹോബിയാണ്. അത് ഈ ' വ്യത്യസ്തനാം കോണ്‍ഗ്രസു' കാരന്റെയും ഇഷ്ടവിനോദമത്രേ- അദ്ദേഹം കുറിക്കുന്നു.

മലയാളത്തിലെ എഴുത്തുകാര്‍ സിപിഎമ്മിനെ വിമര്‍ശിച്ചിട്ടില്ലെന്ന്! കെജി ശങ്കരപ്പിള്ളയും സച്ചിദാനന്ദനും സാറാജോസഫും ചുള്ളിക്കാടുമെല്ലാം സിപിഎമ്മിനെ വിമര്‍ശിച്ചെഴുതിയതെങ്കിലും ഇയാള്‍ വായിച്ചിട്ടില്ലേ? അരുന്ധതി റോയ് ഇഎംഎസിനെക്കുറിച്ച് അടിസ്ഥാന രഹിതമായും വസ്തുതാ വിരുദ്ധമായും എഴുതിയിട്ടും ആരും അവരെ ക്രിമിനലെന്ന് വിളിച്ചില്ല. ഒരു അക്കാദമിയും ആക്രമിച്ചില്ല. (സക്കറിയക്കു നേരെ ഒറ്റപ്പെട്ട ആക്രമണമുണ്ടായപ്പോള്‍ അത് തള്ളിപ്പറയുകയും അദ്ദേഹത്തെ നേരിട്ട് വിളിച്ച് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നവരുടെ കൂട്ടത്തില്‍ അന്ന് ഡിവൈഎഫ്‌ഐ പ്രസിഡന്റായിരുന്ന ഞാനുമുണ്ടായിരുന്നു)സിപിഎമ്മിനെയും ഇവരൊക്കെ വിമര്‍ശിച്ചിട്ടുണ്ടെന്നറിയാന്‍ വിമര്‍ശിച്ചെഴുതിയതെങ്കിലുമൊന്ന് വായിക്കണം. 

'നെഹ്രുവിനുശേഷം ഞങ്ങളുടെ പാര്‍ട്ടിയിലാരും പുസ്തകം വായിച്ചിട്ടില്ല' എന്ന കോണ്‍ഗ്രസ്‌കാരനായസുഹൃത്തിന്റെ തമാശയുടെ പൊരുള്‍ ഇപ്പോഴാണ് പിടികിട്ടിയത്. പുസ്തകം കത്തിച്ചാണ് കെഎസ്‌യു കാലം മുതല്‍ പരിശീലനം. ഗോദാവരി പരുലേക്കറുടെ 'മനുഷ്യനുണരുമ്പോള്‍' ഇഎംഎസിന്റെ 'ഇന്ത്യന്‍ സ്വതന്ത്ര്യസമര ചരിത്രം' എന്നിവയൊക്കെ കത്തിച്ച് വളര്‍ന്നു വന്നതല്ലേ. ചാര്‍ച്ച പോലെ തന്നെ ചേര്‍ച്ചയും പരിവാരത്തിന്റെ രീതികളുമായിട്ടാണ്. കെഎസ്‌യുവിന്റെ അക്ഷരവിരോധമെന്ന ജനിതകത്തകരാറാണ് എഴുത്തുകാരൊക്കെ ക്രിമിനലുകളാണെന്ന് തോന്നാന്‍ കാരണം. തോന്നല്‍ മൂത്തുകഴിഞ്ഞാല്‍ സംഘപരിവാരം വന്ന് കയ്യിലൊരു ചരടും ബന്ധിച്ച് ടിയാനെ കൂട്ടിയങ്ങു കൊണ്ടുപോയിക്കൊള്ളും- അദ്ദേഹം പറയുന്നു. 

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ പ്രതികരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ബെല്‍റാം മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ പോസ്റ്റിനെക്കാള്‍ ഈ കന്റിന് ലൈക്ക് കിട്ടിയിരുന്നു. 

കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്.ആണല്ലോ? അല്ലാതെ സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ പ്രതിനിധാനം ചെയ്യുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയേയോ പുകസയേയോ അല്ലല്ലോ? അതുകൊണ്ടുതന്നെയാണ് മിസ്റ്റര്‍ മുഖ്യമന്ത്രീ, അഭിമാനബോധമുള്ള ചെറുപ്പക്കാര്‍ അവിടേക്ക് കടന്നുചെന്ന് ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ദലിത് വനിതയായ കോളേജ് പ്രിന്‍സിപ്പലിന് എസ്എഫ്‌ഐക്കാര്‍ ശവമഞ്ചം തീര്‍ത്തപ്പോള്‍ അത് മഹത്തായ ആര്‍ട്ട് ഇന്‍സ്റ്റലേഷനായി കൊണ്ടാടിയ പാര്‍ട്ടിയുടെ നേതാവ് തന്നെയല്ലേ താങ്കളിപ്പോഴും? എന്നിട്ടാണോ ഈ പ്രതീകാത്മക സമരത്തിനെതിരെ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്! ആര് എന്തഭിപ്രായം പറയണമെന്നൊന്നും ഇവിടെ ആരും ആജ്ഞാപിക്കുന്നില്ല. അല്ലെങ്കില്‍ത്തന്നെ അവര്‍ക്കൊക്കെ എന്ത് ക്രഡിബിലിറ്റിയാണ് അവശേഷിച്ചിട്ടുള്ളത്?

സിപിഎമ്മിന് സ്തുതി പാടാന്‍ മാത്രം വാ തുറക്കുന്ന സാംസ്‌ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങള്‍ അവരര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യും, നിങ്ങള്‍ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീര്‍ത്തും ജനാധിപത്യപരമായി മാത്രം. നിങ്ങള്‍ കണ്ണുരുട്ടിയാല്‍ കേരളം മുഴുവന്‍ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.- ഇങ്ങനെയായിരുന്നു ബല്‍റാമിന്റെ കുറിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com