സാംസ്‌കാരിക നായകര്‍ക്കെതിരേ വാഴപ്പിണ്ടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസിന്റേത് തരംതാണ രാഷ്ട്രീയമെന്ന് വൈശാഖന്‍

കഴിഞ്ഞ ദിവസമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള സാഹിത്യ അക്കാദമിയില്‍ എത്തി വാഴപ്പിണ്ടി വെച്ച് പ്രതിഷേധിച്ചത്
സാംസ്‌കാരിക നായകര്‍ക്കെതിരേ വാഴപ്പിണ്ടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസിന്റേത് തരംതാണ രാഷ്ട്രീയമെന്ന് വൈശാഖന്‍

തൃശൂര്‍; പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിയ നായകര്‍ മൗനം പാലിക്കുന്നു എന്നാരോപിച്ച് കേരള സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടി വെച്ച് പ്രതിഷേധിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് അക്കാദമി പ്രസിഡന്റ് വൈശാഖന്‍. യൂത്ത് കോണ്‍ഗ്രസിന്റേത് തരംതാണ രാഷ്ട്രീയമാണെന്ന് വൈശാഖന്‍ കുറ്റപ്പെടുത്തി. സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചില്ലെന്നാരാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. 

കഴിഞ്ഞ ദിവസമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള സാഹിത്യ അക്കാദമിയില്‍ എത്തി വാഴപ്പിണ്ടി വെച്ച് പ്രതിഷേധിച്ചത്. ഇതിനെ നിശിതമായി വിര്‍ശിച്ചുകൊണ്ട് പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകരും പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. 

ഇതോടെ മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി അയക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി. നഗരസഭയ്ക്ക് സമീപമുള്ള പോസ്‌റ്റോഫീസിലാണ് ആദ്യം എത്തിയത്. എന്നാല്‍ 150 ഗ്രാമില്‍ കൂടുതലുളള പാക്കറ്റ് അയക്കാനാകില്ലെന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി സമീപത്തുളള കൊറിയര്‍ ഓഫീസിലേക്ക് നീങ്ങി.

എന്നാല്‍ മുഖ്യമന്ത്രിക്കുളള വാഴപ്പിണ്ടി കൊറിയര്‍ സ്വീകരിക്കരുതെന്ന് പൊലീസിന്റെ നിര്‍ദേശമുണ്ടെന്നായിരുന്നു വിവിധ കൊറിയര്‍ കമ്പനികളുടെ മറുപടി. എന്നാല്‍ ഇതുകൊണ്ട് നിരാശരാകില്ലെന്നും ട്രെയിന്‍ മാര്‍ഗം വാഴപ്പിണ്ടി മുഖ്യമന്ത്രിക്ക് എത്തിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com