കാസര്‍കോട് ഇന്ന് സര്‍വകക്ഷി സമാധാനയോഗം ; ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപവാസ സമരം

ശരത് ലാലിനേയും കൃപേഷിനേയും സംസ്‌കരിച്ചിടത്ത് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് ഉപവാസ സമരം തുടങ്ങുക
കാസര്‍കോട് ഇന്ന് സര്‍വകക്ഷി സമാധാനയോഗം ; ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപവാസ സമരം

കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി സമാധാനയോഗം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. ഇരട്ടക്കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് തടയിടുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്.

അതേ സമയം ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നടത്തുന്ന 48 മണിക്കൂര്‍ ഉപവാസത്തിനും ഇന്ന് തുടക്കമാകും. പത്ത് മണിമുതല്‍ സിവില്‍സ്‌റ്റേഷന് മുന്നിലാണ് ഉപവാസം. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. 

ശരത് ലാലിനേയും കൃപേഷിനേയും സംസ്‌കരിച്ചിടത്ത് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് ഉപവാസ സമരം തുടങ്ങുക. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരണത്തിനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെക്കൂടി പിടികൂടാനുണ്ട്. കൂടാതെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരേണ്ടതും ക്രൈംബ്രാഞ്ചിന് നിര്‍ണായകമാണ്. 

കേസില്‍ സിപിഎം നേതാവ് പീതാംബരന്‍ അടക്കം ഏഴു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍, സജി ജോര്‍ജ്,  ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിജിന്‍, ശ്രീരാഗ്, ഓട്ടോ ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com