കിസാൻ സമ്മാൻ നിധിക്കെതിരെ വ്യാജ സന്ദേശങ്ങൾ; ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ്

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ആനുകൂല്യം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ്
കിസാൻ സമ്മാൻ നിധിക്കെതിരെ വ്യാജ സന്ദേശങ്ങൾ; ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ്


 
ഹരിപ്പാട്: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ആനുകൂല്യം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ്. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾക്കെതിരേ കൃഷിവകുപ്പ് നടപടികളെടുക്കുമെന്ന് ഡയറക്ടർ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർക്ക് അയച്ച സർക്കുലറിൽ പറയുന്നു. കിസാൻ സമ്മാൻ നിധിയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളും ശബ്ദശകലങ്ങളും വീഡിയോകളും നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് സർക്കുലർ.

ആനുകൂല്യം വാങ്ങിയാൽ ഭൂമി ഡേറ്റാ ബാങ്കിലാക്കുമോ? അതെയെന്ന തരത്തിലെ ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കുറഞ്ഞത് 10 സെന്റ് ഭൂമി വേണം, റേഷൻ കാർഡിൽ ജോലി കൃഷിയെന്ന് വേണം തുടങ്ങിയ പ്രചാരണങ്ങളുമുണ്ട്. അപേക്ഷ ലക്ഷങ്ങളായെങ്കിലും സംസ്ഥാനത്ത് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ആനുകൂല്യം കിട്ടുകയുള്ളൂവെന്നായിരുന്നു മറ്റൊരു പ്രചാരണം. ഇതൊന്നും കൃഷി വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പുകളല്ല. പദ്ധതിയെ തകർക്കുന്ന തരത്തിൽ പല കോണുകളിൽ നിന്നായി പ്രചരിപ്പിക്കപ്പെടുന്നതാണ്.

സർക്കാർ ഉത്തരവുകളും മാർഗ രേഖകളും കൃഷി വകുപ്പിന്റെ ഔദ്യോഗിക നിർദേശങ്ങളും മാത്രമേ ഉദ്യോഗസ്ഥർ കണക്കിലെടുക്കേണ്ടതുള്ളൂവെന്ന് സർക്കുലറിലുണ്ട്. വ്യാജ പ്രചാരണങ്ങൾ ഉദ്യോഗസ്ഥരിലും ആശയക്കുഴപ്പം സൃഷ്ടിച്ചതിനെ തുടർന്നാണ് സർക്കുലർ ഇറക്കിയത്. 

കൃഷി വകുപ്പ് നേരത്തേ പ്രസിദ്ധീകരിച്ച നിർദേശങ്ങളിൽ ആനുകൂല്യത്തിന് അർഹരല്ലാത്തവരെപ്പറ്റി പരാമർശിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ, ഇൻകം ടാക്സ് അടയ്ക്കുന്നവർ, അഞ്ച് ഏക്കറിലധികം കൃഷി ഭൂമിയുള്ളവർ തുടങ്ങിയ വിവിധ വിഭാഗങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. ഇങ്ങനെയുള്ളവരിൽ നിന്ന്‌ കൃഷി ഭവനുകളിൽ അപേക്ഷ സ്വീകരിക്കുന്നില്ലായിരുന്നു. എന്നാൽ, ആരുടെയും അപേക്ഷ സ്വീകരിക്കാത്ത സാഹചര്യമുണ്ടാകരുതെന്നാണ് പുതിയ നിർദേശം.

അനർഹമായ അപേക്ഷകൾ വ്യക്തമായ കാരണം രേഖപ്പെടുത്തി ഫയലിൽ സൂക്ഷിക്കണം. ഒരിക്കൽ സ്വീകരിച്ച അപേക്ഷ തിരികെ നൽകാൻ പാടില്ല. ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും വിഷയത്തിൽ വ്യക്തത വേണമെങ്കിൽ ഔദ്യോഗികമായി ആവശ്യപ്പെടണമെന്ന നിർദേശവും ഡയറക്ടർ നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com