കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഏപ്രിൽ ഒന്നുമുതൽ; കുടുംബത്തിലെ എല്ലാവർക്കും ആരോ​ഗ്യ പരിരക്ഷ, ആനുകൂല്യം അഞ്ചുലക്ഷം രൂപ  

പരമാവധി അഞ്ചുപേർ എന്ന നിലയിൽ നിന്ന് കുടുംബത്തിലെ എല്ലാ അം​ഗങ്ങൾക്കും ആനുകൂല്യം ലഭിക്കുന്ന തരത്തിൽ  മാറ്റം കൊണ്ടുവരാനാണ് പദ്ധതി
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഏപ്രിൽ ഒന്നുമുതൽ; കുടുംബത്തിലെ എല്ലാവർക്കും ആരോ​ഗ്യ പരിരക്ഷ, ആനുകൂല്യം അഞ്ചുലക്ഷം രൂപ  

തിരുവനന്തപുരം: കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും സമഗ്ര ആരോഗ്യ ഇൻഷുൻസ് പദ്ധതിയുടെ ആനുകൂല്യം ലദ്യമാക്കാൻ പുതിയ പരിഷ്കരണം. പരമാവധി അഞ്ചുപേർ എന്ന നിലയിൽ നിന്ന് കുടുംബത്തിലെ എല്ലാ അം​ഗങ്ങൾക്കും ആനുകൂല്യം ലഭിക്കുന്ന തരത്തിൽ  മാറ്റം കൊണ്ടുവരാനാണ് പദ്ധതി. ഒരു കുടുംബത്തിനുള്ള ചികിത്സാ ആനുകൂല്യം അഞ്ചുലക്ഷം രൂപയായും ഉയർത്തിയിട്ടുണ്ട്. 

ഏപ്രിൽ ഒന്നുമുതലാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നിലവിൽവരുന്നത്. ഇപ്പോഴത്തെ സമഗ്ര ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുന്ന എല്ലാ  കുടുംബങ്ങളെയും പുതിയ പദ്ധതിയിലേക്ക് മാറ്റും. കുടുംബനാഥന്റെ ചിത്രം പതിച്ച കാർഡിന് പകരം പദ്ധതിയിൽ ഉൾപ്പെടുന്നവർക്കെല്ലാം പ്രത്യേകം കാർഡാണ് നൽകുക. 

നിലവിൽ ഒരു കുടുംബത്തിന് 30,000 രൂപയാണ് ചികിത്സാ ആനുകൂല്യം ലഭിച്ചിരുന്നത്. ഇതാണ് അഞ്ച് ലക്ഷം രൂപയായി ഉയർത്തിയിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന 30,000 രൂപയുടെ അധിക സഹായവും മാരകരോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് സർക്കാർ നേരിട്ട് നൽകിയിരുന്ന രണ്ടുലക്ഷം രൂപ വരെയുള്ള സഹായവുമെല്ലാം ഏകീകരിച്ചാണ് ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ എന്ന രീതിയിൽ ആനുകൂല്യം അനുവദിക്കുന്നത്. 

നിലവിലെ ആരോഗ്യ ഇൻഷുറൻസ് കാർഡിനൊപ്പം റേഷൻ കാർഡ്, കുടുംബത്തിലെ എല്ലാവരുടെയും ആധാർ കാർഡ് എന്നിവ ഹാജരാക്കിയാണ് പദ്ധതിയിൽ അം​ഗമാകേണ്ടത്. ഇതിനായി സംസ്ഥാന വ്യാപകമായി ഇൻഷുറൻസ് കാർഡ് പുതുക്കാനുള്ള ക്യാമ്പുകൾ സംഘടിപ്പിക്കും. ആധാർ കാർഡിലെ ചിത്രവും ഓരോരുത്തരുടെയും നമ്പറും പതിച്ച കാർഡാണ് ലഭിക്കുക. ഈ കാർഡിലെ നമ്പർ, ആധാർ നമ്പർ, രജിസ്റ്റേർഡ് മൊബൈൽ നമ്പർ എന്നിവയിൽ ഏതെങ്കിലും ഒന്ന് ബന്ധപ്പെട്ട ആശുപത്രിയിൽ ഹാജരാക്കിയാൽ ഗുണഭോക്താക്കൾക്ക് ചികിത്സതേടാം. സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചുകഴിഞ്ഞാലുടൻ കാർഡ് പുതുക്കുന്നതിനുള്ള ക്യാമ്പുകൾ ആരംഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com