ചരിത്രം രചിക്കാന്‍ കേരളം; വനിതാ മതില്‍ അല്‍പസമയത്തിനകം

620 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതിലില്‍ 50 ലക്ഷം വനിതകള്‍ പങ്കെടുക്കും. കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന മതിലില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ആദ്യ കണ്ണിയാകും
ചരിത്രം രചിക്കാന്‍ കേരളം; വനിതാ മതില്‍ അല്‍പസമയത്തിനകം

കൊച്ചി: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ചൊവ്വാഴ്ച സംസ്ഥാനത്ത് വനിതാമതിലുയരും. 620 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതിലില്‍ 50 ലക്ഷം വനിതകള്‍ പങ്കെടുക്കും. കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന മതിലില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ആദ്യ കണ്ണിയാകും. വെളളയമ്പലം അയ്യങ്കാളി പ്രതിയമയ്്ക്കടുത്ത്ുവരെ നീളുന്ന മതിലില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട് അവസാനകണ്ണിയാകും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം  ചെയ്യും

ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തായിരിക്കും സ്ത്രീകള്‍ നിരക്കുക. സാമൂഹികസംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും നിശ്ചിതസ്ഥലത്ത് മൂന്നിനുതന്നെ വനിതകളെ എത്തിക്കും. വനിതാമതിലിന് അഭിമുഖമായി പുരുഷന്‍മാരും അണിനിരക്കും. മൂന്നേ നാല്‍പ്പത്തി അഞ്ചിന് മതിലിന്റെ ആദ്യ റിഹേഴ്‌സല്‍ നടത്തും. നാലേകാലിന് മതില്‍ അവസാനിക്കും. തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുക്കും. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളുടെ കോര്‍ഗ്രൂപ്പ് നിയന്ത്രണത്തിനുണ്ടാകും.

കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലിനെത്തും. മതിലിന് സമാന്തരമായി മറ്റിടങ്ങളിലും പ്രതീകാത്മകമതില്‍ ഉയരും. മതില്‍ പൂര്‍ത്തിയായാല്‍ പ്രധാന കേന്ദ്രങ്ങളിലെ പൊതുയോഗത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും വെള്ളയമ്പലത്ത് യോഗത്തില്‍ പ്രസംഗിക്കും.

മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകര്‍ തലസ്ഥാനത്തുണ്ട്. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും. നാല്‍ക്കവലകളില്‍ നിശ്ചിത സമയത്തിന് പത്തുമിനിറ്റുമുമ്പുമാത്രമേ മതിലൊരുക്കാവൂ. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസ് ക്രമീകരണങ്ങള്‍ ഒരുക്കും.

വനിതാ മതിലില്‍ ഏറ്റുചൊല്ലുന്ന പ്രതിജ്ഞ

പുതുവര്‍ഷ ദിനത്തില്‍ നാം ഒത്തുചേരുകയാണ്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുളള മതിലായി. സ്ത്രീപുരുഷ തുല്യത എന്ന ഭരണഘടനാ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുവാനായി, കേരളത്തെ ഭ്രാന്താലയമാക്കാനുളള ശ്രമങ്ങളെ ചെറുക്കുമെന്ന മുദ്രാവാക്യവുമായി, നാം ഇവിടെ അണിചേരുകയാണ്.

ഭ്രാന്താലയമെന്ന് നമ്മുടെ നാട് വിളിക്കപ്പെട്ടിരുന്നു. അത് ഇന്ന് ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം നേടിയിരിക്കുകയാണ്. ത്യാഗപൂര്‍ണ്ണമായ സമരങ്ങളാണ് അതിന് കാരണമായതെന്ന് നാം തിരിച്ചറിയുന്നു. 

മേല്‍മുണ്ട് കലാപവും കല്ലുമാല സമരവും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കുതിക്കുന്നതിനുളള ഇടപെടലുകളും അഭിമാനപൂര്‍വ്വം നമ്മള്‍ ഓര്‍ക്കുന്നു. അടിമത്വത്തിനെതിരെ വ്യത്യസ്ത വഴികളിലൂടെ പൊരുതി നീങ്ങിയ പോരാളികളേ, നിങ്ങളെ ഞങ്ങള്‍ അനുസ്മരിക്കുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ത്യാഗങ്ങളെയും സഹനങ്ങളെയും നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും.

മുന്നോട്ടുള്ള വളര്‍ച്ചയ്‌ക്കെതിരെ അന്നും ഉറഞ്ഞുതുള്ളിയ യാഥാസ്ഥിതികത്വത്തിന്റെ പുതിയ മുഖങ്ങളെ നമ്മള്‍ തിരിച്ചറിയുന്നു. അവരുടെ പ്രചരണങ്ങളില്‍ കുരുങ്ങിയവര്‍ അന്നും ഏറെ ഉണ്ടായിരുന്നു. അതിനെ വകഞ്ഞുമാറ്റിയാണ് നാം ഇവിടെ എത്തിയത്.

പരസ്പര അംഗീകാരത്തിന്റെയും പങ്കാളിത്തത്തിന്റെയും ലോകത്താണ് സ്ത്രീയുടെയും പുരുഷന്റെയും ജീവിതം സര്‍ഗ്ഗാത്മകമാകുന്നത്. സ്ത്രീ സമത്വം എന്നത് സാമൂഹ്യ വിമോചനത്തിന്റെ ഭാഗമാണ്. അതിനാലാണ് നാടിനെ സ്‌നേഹിക്കുന്നവര്‍ ഈ ആശയത്തെ പിന്തുണച്ചതെന്നും നമ്മള്‍ മനസ്സിലാക്കുന്നു. ഈ സംരംഭത്തിന് പിന്തുണ നല്‍കിയ കേരള സര്‍ക്കാരിന്റെ നിലപാടിനെ നമ്മള്‍ ആദരവോടെ കാണുന്നു.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും സ്ത്രീ സമത്വത്തിനായി നിലകൊള്ളുമെന്നും കേരളത്തെ ഭ്രാന്താലയമാക്കാനുളള പരിശ്രമങ്ങളെ പ്രതിരോധിക്കുമെന്നും മതനിരപേക്ഷത സംരക്ഷിക്കാന്‍ പോരാടുമെന്നും പ്രതിജ്ഞ ചെയ്യുന്നു. പ്രതിജ്ഞ, പ്രതിജ്ഞ, പ്രതിജ്ഞ...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com