പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിച്ചത് ഒരു സമുദായ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് അനുസരിച്ച് ; ചെന്നിത്തലയ്ക്ക് മതില്‍ ജനം ഏറ്റെടുത്തതിന്റെ വിറളിയെന്നും കോടിയേരി ബാലകൃഷ്ണന്‍

നിരവധി ക്രൈസ്തവ സഭകളും മുസ്ലിം സംഘടനകളും മതിലില്‍ അണിനിരക്കാന്‍ സന്നദ്ധരായി രംഗത്തു വന്നിട്ടുണ്ട്
പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിച്ചത് ഒരു സമുദായ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് അനുസരിച്ച് ; ചെന്നിത്തലയ്ക്ക് മതില്‍ ജനം ഏറ്റെടുത്തതിന്റെ വിറളിയെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : വനിതാ മതിലിനെതിരായ പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം ജനങ്ങള്‍ ഇത് ഏറ്റെടുത്തതിലുള്ള വിറളി പൂണ്ടുകൊണ്ടുള്ള വെപ്രാള പ്രകടനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തിന്റെ പൊതു താല്‍പ്പര്യം എന്നതിന് പകരം ഒരു സമുദായത്തിന്റെ താല്‍പ്പര്യത്തിനാണ് രമേശ് ചെന്നിത്തല പ്രാധാന്യം കൊടുക്കുന്നത്. ആ സമുദായസംഘടനെ പ്രീണിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ആ സംഘടനയുടെ നിര്‍ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു ചെന്നിത്തല ചെയ്തതെന്നും കോടിയേരി പറഞ്ഞു.

കേരളത്തിന്റെ നേതാവാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒരു സമുദായത്തിന്റെ നേതാവായി മാറുകയാണുണ്ടായത്. സമുദായനേതൃത്വം പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടവരല്ല കോണ്‍ഗ്രസ് നേതൃത്വം. അത് കോണ്‍ഗ്രസിന് പറ്റിയ ഏറ്റവും വലിയ തെറ്റാണ്. അതില്‍ നിന്നും അവര്‍ പാഠം പഠിക്കേണ്ടി വരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍എസ്എസിന്റെ പേരെടുത്ത് പറയാതെയായിരുന്നു കോടിയേരിയുടെ വിമര്‍ശനം.

വനിതാ മതില്‍ പരാജയപ്പെടുമെന്നുള്ള രമേശ് ചെന്നിത്തലയുടെയും കൂട്ടരുടെയും കണക്കുകൂട്ടലുകള്‍ തെറ്റും. അതില്‍ നിന്നുള്ള വിറളിയാണ് അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഏതാനും സ്ത്രീകള്‍ നാമജപവുമായി രംഗത്തുവന്നപ്പോള്‍, കേരളത്തിലെ സ്ത്രീകളെല്ലാം ഇതിനൊപ്പമാണെന്ന് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതൃത്വവും തെറ്റിദ്ധരിച്ചു. ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയെ രമേശ് ചെന്നിത്തല സ്വാഗതം ചെയ്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും വിധിയെ സ്വാഗതം ചെയ്തു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം മുന്‍നിലപാടില്‍ നിന്നും മലക്കംമറിയുകയായിരുന്നു. വനിതാ മതില്‍ വിദ്വേഷത്തിന്റെ മതിലല്ല, പകരം യോജിപ്പിക്കാനുള്ള മതിലാണെന്നും കോടിയേരി പറഞ്ഞു. 

ഇതിന് തെളിവാണ് വിവിധ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സംഘടനകളും വനിതാ മതില്‍ വിജയിപ്പിക്കാന്‍ ആഹ്വാനം നല്‍കിയിട്ടുള്ളത്. നിരവധി ക്രൈസ്തവ സഭകളും മുസ്ലിം സംഘടനകളും മതിലില്‍ അണിനിരക്കാന്‍ സന്നദ്ധരായി രംഗത്തു വന്നിട്ടുണ്ട്. ഇതു തന്നെ ഒരു പ്രത്യേക മതവിഭാഗത്തിനെ ഉദ്ദേശിച്ചുള്ളതാണെന്ന പ്രചാരണം പൊളിയുന്നതാണ്. എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങി നിരവധി സംഘടനകളുടെ നേതൃത്വത്തിലാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നത്. ഇത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്നതല്ല. സര്‍ക്കാര്‍ പിന്തുണ നല്‍കുക മാത്രമാണ് ചെയ്യുന്നത്.

30 ലക്ഷം വനിതകള്‍ മതിലില്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 50 ലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. മതില്‍ മുമ്പ് സിപിഎം സംഘടിപ്പിച്ച മനുഷ്യചങ്ങലയേക്കാള്‍ വലിയ സംഭവമാകും. മുന്‍കാലത്ത് വാഹനക്കുരുക്ക് മൂലം നിശ്ചിത സമയത്ത് സ്ഥലത്തെത്തി അണിചേരാനാകാതെ പോയ സംഭവമുണ്ടായിട്ടുണ്ട്. അതിനാല്‍ അത്തരത്തില്‍ കുരുക്ക് അനുഭവപ്പെടാതെ നേരത്തെ തന്നെ മതിലിന് അണിനിരക്കേണ്ട സ്ഥലത്ത് എത്തിച്ചേരാന്‍ ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com