മതത്തിന്റെ പരിധിക്ക് പുറത്ത് സ്ത്രീകള്‍ വരുന്നത് അംഗീകരിക്കാനാകില്ല; വനിതാ മതിലില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സമസ്ത 

ഇന്ന് വൈകിട്ട് നാല് മണിക്കാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ മതില്‍ തീര്‍ക്കുന്നത്
മതത്തിന്റെ പരിധിക്ക് പുറത്ത് സ്ത്രീകള്‍ വരുന്നത് അംഗീകരിക്കാനാകില്ല; വനിതാ മതിലില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സമസ്ത 

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലുമായി സഹകരിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ എത്തിക്കുന്ന വനിതാ മതിലുമായി സഹകരിക്കില്ലെന്നും മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ന് വൈകിട്ട് നാല് മണിക്കാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ മതില്‍ തീര്‍ക്കുന്നത്. മതിലില്‍ അണിചേരാന്‍ എത്തുന്നവരോട് മൂന്ന് മണിക്ക് എത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വനിതാമതിലിന് ശേഷം പ്രധാനകേന്ദ്രങ്ങളില്‍ യോഗവും നടക്കും. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരുമാണ് വെള്ളയമ്പലത്ത് നടക്കുന്ന യോഗത്തിന് നേതൃത്വം നല്‍കുന്നത്. മറ്റു ജില്ലകളില്‍ മന്ത്രിമാര്‍ക്കാണ് ചുമതല.

നവോത്ഥാന സംരക്ഷണ സമിതിയിലെ 174 സംഘടനകള്‍ക്ക് പുറമെ കേരളത്തിലെ ഭൂരിപക്ഷം വരുന്ന രാഷ്ട്രീയ, സാമൂഹ്യ, മത, സമുദായ, സന്നദ്ധ സാംസ്‌കാരിക, മഹിളാ സംഘടനകളെല്ലാം വനിതാമതിലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും സമ്പൂര്‍ണ പിന്തുണ മതിലിനുണ്ട്.കാല്‍ ലക്ഷത്തോളം സ്‌ക്വാഡുകള്‍ 70 ലക്ഷത്തിലധികം വീടുകളിലായി സന്ദേശമെത്തിച്ചു. ഏഴായിരത്തിലധികം പ്രചാരണജാഥകള്‍ നടന്നു. സിനിമാതാരങ്ങളും ഗായകരും കായിക താരങ്ങളുമടക്കം നിരവധി പ്രമുഖര്‍ പ്രചാരണരംഗത്തുണ്ടായിരുന്നു. ഇവരും മതിലില്‍ അണിചേരും. മതിലില്‍ കാസര്‍കോട്ട് ആദ്യകണ്ണിയാവുന്നത് മന്ത്രി കെ കെ ശൈലജ. ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാവും. 

തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നവോത്ഥാനമൂല്യ സംരക്ഷണസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള ഭാരവാഹികളും ഇവിടെ പങ്കെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com