വനിതാ മതിലിനെ പ്രകീര്‍ത്തിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും; ശബരിമല പ്രവേശനത്തിനായി സ്ത്രീകള്‍ കൈ കോര്‍ത്തെന്ന് ബിബിസിയും ഗാര്‍ഡിയനും 

പ്രമുഖ മാധ്യമങ്ങളായ ബിബിസിയും ഗാര്‍ഡിയനും അല്‍ജസീറയും സിഎന്‍എന്നുമെല്ലാം വിഷയം വലിയ രീതിയില്‍ വാര്‍ത്തയാക്കുകയായിരുന്നു
വനിതാ മതിലിനെ പ്രകീര്‍ത്തിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും; ശബരിമല പ്രവേശനത്തിനായി സ്ത്രീകള്‍ കൈ കോര്‍ത്തെന്ന് ബിബിസിയും ഗാര്‍ഡിയനും 

സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തില്‍ ഇന്നലെ നടന്ന വനിതാ മതിലിനെ പുകഴ്ത്തി അന്താരാഷ്ട്ര മാധ്യമങ്ങളും. പ്രമുഖ മാധ്യമങ്ങളായ ബിബിസിയും ഗാര്‍ഡിയനും അല്‍ജസീറയും സിഎന്‍എന്നുമെല്ലാം വിഷയം വലിയ രീതിയില്‍ വാര്‍ത്തയാക്കുകയായിരുന്നു. സുപ്രീം കോടതി വിധിക്കെതിരെയും വിധിയുടെ പശ്ചാത്തലത്തില്‍ മലകയറാനെത്തിയ യുവതികള്‍ക്കെതിരെയും വലിയ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് സ്ത്രീകള്‍ മതില്‍ തീര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകളില്‍. 

തലക്കെട്ടിലടക്കം ശബരിമല പ്രവേശനവിഷയം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ മതിലില്‍ പങ്കെടുത്തതും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയതുമെല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതി വിധിക്ക് പിന്നാലെ സ്ത്രീകള്‍ ശബരിമലയില്‍ എത്തിയതും പ്രവേശനം നടത്താനാകാതെ മടങ്ങേണ്ടിവന്നതും നേരിടേണ്ടിവന്ന പ്രതിഷേധവുമൊക്കെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ വായിക്കാം. 

എഴുത്തുകാരി തനൂജ ഭട്ടതിരിയുടെയടക്കം വാക്കുകള്‍ ചേര്‍ത്തായിരുന്നു ബിബിസി വാര്‍ത്ത. ശബരിമല അല്ല ഇന്നിവിടെ പ്രധാനമെന്നും സ്ത്രീകളും പുരുഷന്‍മാരും ഒന്നാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നുമാണ് വാര്‍ത്തയിലെ തനൂജയുടെ വാക്കുകള്‍. ശബരിമല വിഷയത്തില്‍ ഇത്രയധികം രാഷ്ട്രീയം കലര്‍ന്നതിന്റെ പശ്ചാത്തലവും, ശബരിമലയുമായി ബന്ധപ്പെട്ട് ആചാരങ്ങളും വിശദമായി ബിബിസി വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

620 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതിലില്‍ 50 ലക്ഷം വനിതകളാണ് പങ്കെടുത്തതെന്നാണ് അനൗദ്യോ?ഗിക റിപ്പോര്‍ട്ടുകള്‍. കാസര്‍ഗോഡ് നിന്ന് ആരംഭിച്ച മതിലില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ആദ്യ കണ്ണിയായി. വെളളയമ്പലം അയ്യങ്കാളി പ്രതിയമയ്ക്കടുത്തുവരെ നീണ്ട മതിലില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട് അവസാനകണ്ണിയായി. മിക്കയിടങ്ങളിലും ഇരട്ടമതിലിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്. 

ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്താണ് സ്ത്രീകള്‍ നിരന്നത്. വനിതാമതിലിന് അഭിമുഖമായി പുരുഷന്‍മാരും അണിനിരന്നു. മൂന്നേ നാല്‍പ്പത്തി അഞ്ചിന് മതിലിന്റെ ആദ്യ റിഹേഴ്‌സല്‍ നടന്നു. നാലേകാലിന് മതില്‍ അവസാനിച്ചു. തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളുടെ കോര്‍ഗ്രൂപ്പാണ് നിയന്ത്രണമേറ്റെടുത്തത്. കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലില്‍ സംബന്ധിച്ചു. മതിലിന് സമാന്തരമായി മറ്റിടങ്ങളിലും പ്രതീകാത്മകമതിലും ഉയര്‍ന്നു മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും വെള്ളയമ്പലത്ത് വനിതാമതിലിന് സാക്ഷിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com