ഹര്‍ത്താലിന് മുന്നോടിയായി കരുതല്‍ തടങ്കലുമായി പൊലീസ്: എറണാകുളത്ത് ബിജെപി-കര്‍മസമിതി നേതാക്കളുള്‍പ്പെടെ 16പേര്‍ കസ്റ്റഡിയില്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയും ശബരിമല കര്‍മസമിതിയും നടത്തുന്ന ഹര്‍ത്താലിന് മുന്നോടിയായി എറണാകുളം ജില്ലയില്‍ കരുതല്‍ തടങ്കല്‍ നടപടിയുമായി പൊലീസ്.
ഹര്‍ത്താലിന് മുന്നോടിയായി കരുതല്‍ തടങ്കലുമായി പൊലീസ്: എറണാകുളത്ത് ബിജെപി-കര്‍മസമിതി നേതാക്കളുള്‍പ്പെടെ 16പേര്‍ കസ്റ്റഡിയില്‍

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയും ശബരിമല കര്‍മസമിതിയും നടത്തുന്ന ഹര്‍ത്താലിന് മുന്നോടിയായി എറണാകുളം ജില്ലയില്‍ കരുതല്‍ തടങ്കല്‍ നടപടിയുമായി പൊലീസ്. ബിജെപി, കര്‍മസമിതി നേതാക്കള്‍ ഉള്‍പ്പെടെ പതിനാറ് പേരെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തു. ഹര്‍ത്താലിന്റെ ഭാഗമായി ആക്രണം നടക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് നടപടി. ബിജെപി എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി രാജഗോപാല്‍ അടക്കമുള്ളവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. 

ഹര്‍ത്താലില്‍ ആക്രണമുണ്ടായാല്‍ ഉടനടി നടപടിയെടുക്കുമെന്ന് നേരത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. 

പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കൈയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക.

അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. കടകള്‍ തുറന്നാല്‍ അവയ്ക്ക് ആവശ്യമായ സംരക്ഷണം നല്കും. ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണം. വ്യക്തികള്‍ക്കും വസ്തുവകകള്‍ക്കും എതിരെയുളള അക്രമങ്ങള്‍ കര്‍ശനമായി തടയണം. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങളും തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തണം. സര്‍ക്കാര്‍ ഓഫീസുകള്‍, കെ.എസ്.ഇ.ബി, മറ്റ് ഓഫീസുകള്‍ എന്നിവയ്ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണം. കെഎസ്ആര്‍ടിസി ബസുകള്‍ സ്വകാര്യ ബസുകള്‍ എന്നിവ തടസ്സം കൂടാതെ സര്‍വ്വീസ് നടത്തുന്നതിന് സൗകര്യം ഒരുക്കണം. കോടതികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കണം. 

ആവശ്യമായ സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റും പട്രോളിംഗും ഏര്‍പ്പെടുത്തണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓഫീസിന് മതിയായ സംരക്ഷണം ഒരുക്കണം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് റേഞ്ച് ഐ.ജി മാരോടും സോണല്‍ എ.ഡി.ജി.പിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com