ശബരിമല യുവതി പ്രവേശത്തിന് എതിരല്ലെന്ന് വി മുരളീധരന്‍; ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതില്‍ പ്രശ്‌നമില്ല

ശബരിമല യുവതി പ്രവേശത്തിന് എതിരല്ലെന്ന് വി മുരളീധരന്‍ - ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതില്‍ പ്രശ്‌നമില്ല
ശബരിമല യുവതി പ്രവേശത്തിന് എതിരല്ലെന്ന് വി മുരളീധരന്‍; ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതില്‍ പ്രശ്‌നമില്ല

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശനത്തിന് എതിരല്ലെന്ന് ബിജെപി ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ന്യൂസ് 18ന്റെ പ്രൈം ടൈം പരിപാടിയിലാണ് മുന്‍ സംസ്ഥാന ബിജെപി അദ്ധ്യക്ഷനും രാജ്യസഭ എംപിയുമായ വി മുരളീധരന്‍ തന്റെ നിലപാട് അറിയിച്ചത്.

ഒരു വിശ്വാസി എന്ന നിലയില്‍ ശബരിമലയില്‍ ഒരു സ്ത്രീ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതില്‍ യാതൊരുവിധ പ്രശ്‌നവുമില്ല. അങ്ങനെയാണെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സ്‌റ്റേറ്റിന്റെയും പോലീസിന്റെയും ഉത്തരവാധിത്വമാണത്. അങ്ങനെയെങ്കില്‍ സുപ്രീം കോടതി വിധി അനുസരിക്കുക എന്നുള്ളത് സ്‌റ്റേറ്റിന്റെ ഉത്തരവാദിത്വമാണ് വി മുരളീധരന്‍ ചര്‍ച്ചയില്‍ പറയുന്നു.

എന്നാല്‍ ഇപ്പോള്‍ നടന്ന പ്രവേശനം അത്തരത്തില്‍ അല്ലെന്നും, അത് രാഷ്ട്രീയമായ ഗൂഢാലോചനയാണെന്നും ഇദ്ദേഹം പറയുന്നു. കേരളത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കും എന്ന കേരള സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ സമരത്തിനിടെയാണ് വ്യത്യസ്ത അഭിപ്രായവുമായി മുരളീധരന്‍ രംഗത്തെത്തിയത്. 

ശബരിമലയില്‍ യുവതികളെ ആസൂത്രിതമായി കയറ്റിയതിനു പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് മുരളീധരന്‍ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് മുരളീധരന് നിവേദനം നല്‍കിയിരുന്നു.

ഒരാഴ്ചയായി രഹസ്യകേന്ദ്രത്തില്‍ കഴിഞ്ഞശേഷം തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു കനകദുര്‍ഗയുടേയും ബിന്ദുവിന്റേയും ശബരിമല കയറ്റം. സംസ്ഥാന പൊലിസിന്റെ പിന്തുണ മാത്രമല്ല പരിശീലനവും ഇരുവര്‍ക്കും ലഭിച്ചു. ശബരിമല ദര്‍ശനത്തിന് എത്തുന്നതിന് കനകദുര്‍ഗക്കും ബിന്ദുവിനും വനംവകുപ്പിന്റെ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തി. പരാമ്പരാഗത രീതിയിലൂടെ 18 പടികള്‍ ചവിട്ടാതെയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. നിയമപാലനം നടത്തേണ്ട പൊലിസ് തന്നെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. ഇവരുടെ പൂര്‍വകാലവും ഇവര്‍ക്ക് ലഭിച്ച സൗകര്യങ്ങളും പരിശീലനവും പരിശോധിച്ചാല്‍തന്നെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചുള്ള തെളിവുകള്‍ ലഭിക്കുമെന്ന് പരാതിയില്‍ പറയുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട് ഭക്തര്‍ക്കുവേണ്ടി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കുന്നതുമായി ഒരു ബന്ധവും അവിടെ നടന്ന ഈ സംഭവങ്ങള്‍ക്കില്ല. ശബരിമല ദര്‍ശനം നടത്തിയ രണ്ട് യുവതികളുടേയും പൂര്‍വ ചരിത്രം പരിശോധിച്ചാല്‍ ഇവര്‍ രണ്ടുപേരും ഭക്തരല്ലെന്നും മനസിലാക്കാം. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു തരത്തിലുമുള്ള സുരക്ഷ ഒരുക്കേണ്ടതുമില്ലായിരുന്നു. യുവതികള്‍ക്ക് സര്‍ക്കാര്‍ ശബരിമലയില്‍ ദര്‍ശന സൗകര്യം ഒരുക്കിയതിലൂടെ കോടിക്കണക്കിനായ അയ്യപ്പ ഭക്തരുടെ വികാരത്തെയാണ് വ്രണപ്പെടുത്തിയത്. അവരുടെ പ്രതിഷേധത്തെ സംസ്ഥാന സര്‍ക്കാര്‍ അക്രമംകൊണ്ടാണ് നേരിടുന്നത്. സംസ്ഥാനത്തെ സാഹചര്യം തീര്‍ത്തും കലുഷിതമായി മാറിയിരിക്കുന്നു. കനകദുര്‍ഗയേയും ബിന്ദുവിനേയും ശബരിമല ദര്‍ശനത്തിനു കൊണ്ടുപോയതുമായി ബന്ധപ്പെട്ട് നടപടികള്‍ക്കു പിന്നിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദേശീയ അന്വഷണ ഏജന്‍സി അന്വേഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഇതിന് അടിയന്തര നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com