എൻഎസ്എസ് നിലപാട് ആർഎസ്എസിന് കുടപിടിക്കുന്നത് ; മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ

എന്‍എസ്എസ് വളരെ വലിയ നവോത്ഥാന പാരമ്പര്യമുള്ള പ്രസ്ഥാനമാണ്
എൻഎസ്എസ് നിലപാട് ആർഎസ്എസിന് കുടപിടിക്കുന്നത് ; മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ


തിരുവനന്തപുരം : സര്‍ക്കാരിനെതിരായ എന്‍എസ്എസിന്റെ വിമര്‍ശനങ്ങളെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. എന്‍എസ്എസ് ആര്‍എസ്എസിന് കുടപിടിക്കുകയാണ് ചെയ്യുന്നത്. എന്‍എസ്എസ് നിലപാട് കലാപകാരികളെ പ്രോല്‍സാഹിപ്പിക്കുന്നു. എന്‍എസ്എസിന്റെ നിലപാട് അത്ഭുതപ്പെടുത്തുന്നു. ക്ഷേത്രകാര്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തുക അനുവദിച്ച സര്‍ക്കാരാണ് ഇതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

എന്‍എസ്എസ് വളരെ വലിയ നവോത്ഥാന പാരമ്പര്യമുള്ള പ്രസ്ഥാനമാണ്. ജാതിമത വിവേചനത്തിനെതിരായ പോരാട്ടത്തില്‍ എന്‍എസ്എസും നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. എന്നാല്‍ മതത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയും, നാട്ടില്‍ അരാജകത്വം ഉണ്ടാക്കുകയും ഭൂരിപക്ഷ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിച്ച് അധികാരത്തില്‍ എത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കക്ഷിയാണ് ആര്‍എസ്എസും ബിജെപിയും. അവര്‍ക്ക് കുട പിടിക്കുന്നതായിട്ടുള്ള, അവര്‍ക്ക് ചൂട്ടുപിടിക്കുന്ന, പിന്തുണക്കുന്ന ഒരു സമീപനവും എന്‍എസ്എസിനെപ്പോലുള്ള പ്രസ്ഥാനം സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. 

ശബരിമല വിഷയത്തില്‍ എന്‍എസ്എസിനുള്ള പ്രത്യേക നിലപാട് തങ്ങളുടെ സങ്കുചിത രാഷ്ട്രീയ ലാഭത്തിന് ഉപയോഗപ്പെടുത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ വിശ്വാസത്തെ പ്രാധാന്യത്തോടെയാണ് കണ്ടിട്ടുള്ളത്. സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലം പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകുമെന്നും കടകംപള്ളി പറഞ്ഞു. 

ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കലാപത്തിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചിരുന്നു. സുപ്രിംകോടതി വിധിയുടെ മറവില്‍ നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നിരിശ്വരവാദം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. വിശ്വാസം സംരക്ഷിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ട്. സര്‍ക്കാര്‍ ബാധ്യത നിറവേറ്റിയില്ലെങ്കില്‍ വിശ്വാസികള്‍ രംഗത്തിറങ്ങിയതില്‍ തെറ്റില്ല. പ്രതിഷേധത്തിന് രാഷ്ട്രീയത്തിന്റെ നിറം കൊടുത്ത് പ്രതിരോധിക്കുന്നതും ശരിയല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. 

ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ച് ഏത് ഹീനമാര്‍ഗവും ഉപയോഗിച്ച് പാര്‍ട്ടിയുടെ നയം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ നടക്കുന്ന കലാപത്തിന് കാരണക്കാര്‍ സര്‍ക്കാരാണെന്നാണ് ജനം വിലയിരുത്തുന്നത്. ആദ്യം മുതല്‍ക്കുതന്നെ സമാധാനപരമായി പരിഹരിക്കാവുന്ന വിഷയം ഇത്രയും സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com