എന്‍എസ്എസിന്റെ ആവശ്യത്തിന് അംഗീകാരം; കേന്ദ്രസര്‍ക്കാര്‍ ഇച്ഛാശക്തി കാണിച്ചെന്ന് സുകുമാരന്‍ നായര്‍ 

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍എസ്എസ്
എന്‍എസ്എസിന്റെ ആവശ്യത്തിന് അംഗീകാരം; കേന്ദ്രസര്‍ക്കാര്‍ ഇച്ഛാശക്തി കാണിച്ചെന്ന് സുകുമാരന്‍ നായര്‍ 

ചങ്ങനാശേരി: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍എസ്എസ്. സാമൂഹിക നീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഭരണഘടനാ ഭേദഗതി അടക്കമുള്ള  കടമ്പകള്‍ കടക്കേണ്ടതുണ്ട്. അരനൂറ്റാണ്ടായി എന്‍.എസ്.എസ് ആവശ്യപ്പെടുന്ന കാര്യത്തിന് അംഗീകാരം ലഭിച്ചത് സ്വാഗതാര്‍ഹമാണെന്നും ജി.സുകുമാരന്‍ നായര്‍ അറിയിച്ചു.

സംവരണത്തിന്റെ ആനുകൂല്യം കിട്ടാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സംവരണപരിധിയില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട്  ഭരണഘടനാ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്.വാര്‍ഷിക വരുമാനം എട്ടു ലക്ഷത്തില്‍ താഴെയുള്ള, അഞ്ച് ഏക്കറില്‍ കുറവു ഭൂമിയുള്ള പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സംവരണം ലഭിക്കുക. ഇന്നു ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും സ്വാഗതം ചെയ്തു. 

സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം അന്‍പതു ശതമാനമാക്കി നിജപ്പെടുത്തണമെന്ന് സുപ്രിം കോടതി വിധിയുണ്ട്. ഇത് അറുപതു ശതമാനമാക്കി നിയമ നിര്‍മാണം കൊണ്ടുവരാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. നിലവിലുള്ള സംവരണത്തെ ബാധിക്കാത്ത വിധത്തിലാണ് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക. ഇതിനായി ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്യേണ്ടിവരും. ഭരണഘടനാ ഭേദഗതി നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ബില്‍ പാസാക്കുന്നതിന് സമ്മേളനം നീട്ടുന്ന കാര്യവും പരിഗണനയിലുണ്ട്. 

സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന് മേല്‍ജാതി വിഭാഗങ്ങള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com