വലിച്ചെറിഞ്ഞ മാലിന്യപ്പൊതിയിൽ ഫോട്ടോയും മേൽവിലാസവും ; അധ്യാപകൻ കുടുങ്ങി 

കവർ അഴിച്ചു പരിശോധിച്ചപ്പോൾ, മാവേലിക്കര സ്വദേശിയായ അധ്യാപകന്റെ വിലാസവും ഫോട്ടോയും ലഭിച്ചു
വലിച്ചെറിഞ്ഞ മാലിന്യപ്പൊതിയിൽ ഫോട്ടോയും മേൽവിലാസവും ; അധ്യാപകൻ കുടുങ്ങി 

പത്തനംതിട്ട : മാലിന്യം വഴിയോരത്ത് വലിച്ചെറിഞ്ഞ് പോകുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. എന്നാൽ ഇങ്ങനെ അശ്രദ്ധമായി വലിച്ചെറിഞ്ഞ മാലിന്യം, സമൂഹത്തിൽ മാതൃകയാകേണ്ട ഒരു അധ്യാപകനെ തന്നെ കുടുക്കി. മാലിന്യം നിറച്ച പ്ലാസ്റ്റിക് കൂടിനുള്ളിൽ സ്വന്തം ഫോട്ടോയും വിലാസവും ഉണ്ടായിരുന്നതാണ് ഇയാൾക്ക് തിരിച്ചടിയായത്. മാനഹാനിക്ക് പുറമെ, ധനനഷ്ടവുമായിരുന്നു ഫലം. 

തഴക്കര കുന്നംചാക്കോപാടത്തിനു സമീപത്തു മാലിന്യം വലിച്ചെറിയുന്നത് നാട്ടുകാരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. ഇതേത്തുടർന്ന് ഇത്തരക്കാരെ കണ്ടെത്താൻ ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചു. ഇതിനായി സ്ഥലം കണ്ടെത്താനുള്ള പരിശോധനയ്ക്കിടെയാണ്  പഞ്ചായത്ത് അംഗം മനു ഫിലിപ്, മുരളി വൃന്ദാവനം, വിനീത് വിജയൻ എന്നിവർക്ക് മാലിന്യം നിറച്ച പ്ലാസ്റ്റിക് കവറുകൾ കിട്ടിയത്. 

കവർ അഴിച്ചു പരിശോധിച്ചപ്പോൾ, മാവേലിക്കര സ്വദേശിയായ അധ്യാപകന്റെ വിലാസവും ഫോട്ടോയും ലഭിച്ചു. ഇവർ ഉടൻ തന്നെ ഇവ സഹിതം മാവേലിക്കര പൊലീസിൽ പരാതി നൽകി. പൊലീസ് വിലാസക്കാരനെ വിളിപ്പിച്ചു മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ജെസിബി ഉപയോഗിച്ചു മാലിന്യം നീക്കം ചെയ്യാനും ജെസിബി വാടകത്തുക മാലിന്യം വലിച്ചെറിഞ്ഞയാൾ നൽകാനും തീരുമാനിച്ചു. ശുചീകരണത്തിന് ചെലവായ 10,660 രൂപ ഇയാളിൽ നിന്നും ഈടാക്കുകയും ചെയ്തു. 

അതിനിടെ  പ്രദേശത്തു നിന്നും ലഭിച്ച പുതിയൊരു മാലിന്യക്കവറിൽ നിന്ന് കൊല്ലകടവ് സ്വദേശിനിയുടെ വിലാസവും ലഭിച്ചു. ഓൺലൈനിൽ സാധനം വരുത്തിയതിന്റെ റസീപ്റ്റാണ് ലഭിച്ചത്. ഇതും പൊലീസിനു കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com