പാനൂരിലെ പുരുഷന്മാര്‍ക്ക് പെണ്ണന്വേഷിച്ച് പൊലീസ്; ശ്രദ്ധേയ ഇടപെടലുമായി ജനമൈത്രി പൊലീസ്‌

പെണ്ണുകെട്ടിച്ച് അവരെ ഉത്തരവാദിത്വബോധമുള്ളവരാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം
പാനൂരിലെ പുരുഷന്മാര്‍ക്ക് പെണ്ണന്വേഷിച്ച് പൊലീസ്; ശ്രദ്ധേയ ഇടപെടലുമായി ജനമൈത്രി പൊലീസ്‌

പാനൂരിലെ പുരനിറഞ്ഞ് നില്‍ക്കുന്ന പുരുഷന്മാരെ പെണ്ണുകെട്ടിക്കുവാനുള്ള ശ്രമത്തിലാണ് പൊലീസ്. കലാപങ്ങളിലും, സംഘര്‍ഷങ്ങളിലും പെട്ട് കേസിന്റെ നൂലാമാലകളാലും, തൊഴില്‍ ലഭിക്കാതെയും വലയുന്ന പുരുഷന്മാരെ സഹായിക്കുവാനാണ് പാനുരിലെ ജനമൈത്രി പൊലീസ് മുന്നോട്ടു വരുന്നത്. 

പെണ്ണുകെട്ടിച്ച് അവരെ ഉത്തരവാദിത്വബോധമുള്ളവരാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. സംഘര്‍ഷങ്ങള്‍ വിട്ടൊഴിയാതെ നില്‍ക്കുന്ന സ്ഥലത്തേക്ക് പെണ്‍മക്കളെ അയക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവാത്തതും ഇവിടുത്തെ യുവാക്കള്‍ക്ക് വിനയാവുന്നു. 

ഏപ്രില്‍, മെയ് മാസങ്ങളില്‍ പാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ 19,000 വീടുകളില്‍ എന്‍എസ്എസ് വോളന്റിയര്‍മാര്‍ ചേര്‍ന്ന് അവിവാഹിതരുടെ കണക്കെടുക്കും. വിദ്യാഭ്യാസ യോഗ്യത, കുടുംബ പശ്ചാത്തലം എന്നിങ്ങനെ വിശദ വിവരങ്ങള്‍ ശേഖരിച്ചായിരിക്കും കണക്കെടുപ്പ്. പാനൂരില്‍ പുരുഷന്മാര്‍ക്ക് പെണ്ണന്വേഷിക്കുന്നതിന് മുന്‍പ് ഇവിടെ ഇന്‍സൈറ്റ് പദ്ധതിയും പൊലീസ് തുടങ്ങിയിരുന്നു. 

ഒരു വീട്ടില്‍ ഒരു സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യത്തോടെ പൊലീസ് 20 കേന്ദ്രങ്ങളില്‍ പിഎസ് സി പരിശീലനം നല്‍കിയായിരുന്നു ഇന്‍സൈറ്റ് പദ്ധതി മുന്നോട്ടു പോയത്. ആറ് മാസം മുന്‍പാണ് ഇതിന് തുടക്കമിട്ടത്. പാരാമിലിറ്ററി ജോലിക്കും പരിശീലനം നല്‍കുന്നുണ്ട്. ഞങ്ങള്‍ക്കൊക്കെ ആര് പെണ്ണ് തരാനാണെന്ന ഇവിടുത്തെ യുവാക്കളുടെ ചോദ്യത്തിന് ഉത്തരം നല്‍കാനാണ് ഇപ്പോള്‍ പാനൂര്‍ പൊലീസിന്റെ ശ്രമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com