പ്ലാസ്റ്റിക് വേണ്ട, ഭക്ഷണവിതരണം വാഴയിലയില്‍ മതി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം 

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസുകള്‍ക്ക് പ്‌ളാസ്റ്റിക് ഉപയോഗത്തിന്റെ പേരില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് തിരുവനന്തപുരം കോര്‍പറേഷന്‍
പ്ലാസ്റ്റിക് വേണ്ട, ഭക്ഷണവിതരണം വാഴയിലയില്‍ മതി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം 

തിരുവനന്തപുരം: അതിവേഗം കുതിക്കുന്ന ലോകത്ത് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസുകള്‍ക്ക് ദിനംപ്രതി പ്രിയമേറി വരികയാണ്. ബിസിനസ് സാധ്യതകള്‍ മുന്നില്‍ കണ്ട് നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് വരെ ഇവരുടെ സേവന കൈ നീളുകയാണ്. ഇതിനിടയില്‍ ചില ദുഷ്‌പേരുകളും ഈ മേഖല കേള്‍പ്പിച്ചു. ഇപ്പോള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസുകള്‍ക്ക് പ്‌ളാസ്റ്റിക് ഉപയോഗത്തിന്റെ പേരില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് തിരുവനന്തപുരം കോര്‍പറേഷന്‍.  

പാഴ്‌സലിന് ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക് കണ്ടയ്‌നറുകള്‍ക്കു പകരം വാഴയില പോലെ പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളില്‍ ഭക്ഷണവിതരണം നടത്തുകയോ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ഭക്ഷണം എത്തിച്ചു പകര്‍ന്നു കൊടുക്കുകയോ ചെയ്യണമെന്നാണു കോര്‍പറേഷന്റെ നിര്‍ദേശം. നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു മുന്നോടിയായി  ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസ് ദാതാക്കളുടെ യോഗം അടുത്തയാഴ്ച വിളിച്ചു ചേര്‍ക്കുമെന്നു മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു.  സേവനദാതാക്കളായ ഊബര്‍ ഈറ്റ്‌സ്, സ്വിഗ്ഗി, സൊമാറ്റൊ, സ്വാപ്, റാബിറ്റോ എന്നിവയാണ് തിരുവനന്തപുരം നഗരത്തില്‍ പ്രധാനമായും ഓണ്‍ലൈന്‍ വഴി ഭക്ഷണ വിതരണം നടത്തുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്‌ളാസ്റ്റിക് കണ്ടയ്‌നറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. 

ദിവസം ശരാശരി അരലക്ഷത്തോളം പ്‌ളാസ്റ്റിക് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണു കോര്‍പറേഷന്റെ കണക്ക്.  കോര്‍പറേഷനും സ്വകാര്യ വ്യക്തികളും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങള്‍ക്കൊപ്പം ഇതില്‍ 90% തിരിച്ചെത്തുകയും ചെയ്യുന്നു. ഇതു ഭാവിയില്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നമുണ്ടാകുമെന്നു കോര്‍പറേഷന്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. 

ചൂടുള്ള ഭക്ഷണം പ്‌ളാസ്റ്റിക്കില്‍ പൊതിയുന്നതു കാരണം നഗരവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും കോര്‍പറേഷന്‍ ആശങ്കപ്പെടുന്നു. ഇതാണു പ്‌ളാസ്റ്റിക് കണ്ടയിനറുകളിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം.  വാഴയിലയില്‍  പൊതിഞ്ഞു ഭക്ഷണം വിതരണം ചെയ്യുന്നില്ലെങ്കില്‍ ഭക്ഷണം എത്തിച്ച ശേഷം അവര്‍ നല്‍കുന്ന സ്റ്റീല്‍, ഗ്‌ളാസ് പാത്രങ്ങളില്‍ പകര്‍ന്നു നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com