ഫൗസിയ ഹസ്സനെ പിന്തുണച്ച് നമ്പി നാരായണന്‍; നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു

ഐഎസ്ആര്‍ഒ ചാരക്കേസില്‍ തനിക്കും നീതി ലഭിക്കണമെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മാലി സ്വദേശിനി ഫൗസിയ ഹസ്സന്റെ ആവശ്യത്തെ പിന്തുണച്ച് നമ്പി നാരായണന്‍.
ഫൗസിയ ഹസ്സനെ പിന്തുണച്ച് നമ്പി നാരായണന്‍; നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ തനിക്കും നീതി ലഭിക്കണമെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മാലി സ്വദേശിനി ഫൗസിയ ഹസ്സന്റെ ആവശ്യത്തെ പിന്തുണച്ച് നമ്പി നാരായണന്‍. ഫൗസിയക്ക് നഷ്ടപരിഹാരം ആവശ്യമാണെന്നും താനിത് നേരത്തെ ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ജയില്‍ വാസം അനുഭവിച്ചത് ആ രണ്ട് സ്ത്രീകളാണ്. അവര്‍ തെറ്റ് ചെയ്തിട്ടില്ല എന്നുള്ളത് ഉറപ്പാണ്. ഒരു ആവശ്യവുമില്ലാതെ അവര്‍  ശിക്ഷിക്കപ്പെട്ടു. കേരള സര്‍ക്കാരിന് അവരെ സഹായിക്കാന്‍ സാധിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നമ്പി നാരായണന് ലഭിച്ച പോലെ തനിക്കും നഷ്ടപരിഹാരം വേണമെന്നായിരുന്നു ഫൗസിയ ഹസ്സന്റെ ആവശ്യം.  ഇതിനായി കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

ചാരക്കേസില്‍ താനും മറ്റൊരു മാലി സ്വദേശിനിയായ മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ എസ് വിജയനാണ് ചാരക്കേസിന് പിന്നിലെന്നും ഫൗസിയ ഹസ്സന്‍ പറഞ്ഞു. ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും.

തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. രണ്ട് പേര്‍ക്കും കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ചാരക്കേസിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ട്. നമ്പി നാരായണനെ തനിക്ക് പരിചയം പോലുമില്ലായിരുന്നു. സിബിഐ കസ്റ്റഡിയില്‍ വച്ചാണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. നമ്പി നാരായണന്‍ എന്ന പേര് പറയാന്‍ പോലും തനിയ്ക്ക് ബുദ്ധിമുട്ടായിരുന്നുവെന്ന് ഫൗസിയ ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. 

കരുണാകരനെയും നരസിംഹറാവുവിന്റെ മകനെയുമൊക്കെ കേസിലേക്ക് കൊണ്ടുവന്നതില്‍ രാഷ്ട്രീയ അട്ടിമറിയ്ക്കുള്ള ലക്ഷ്യമുണ്ടെന്ന് ഫൗസിയ ഹസ്സന്‍ വെളിപ്പെടുത്തി. മറിയം റഷീദയും താനും ഗൂഢാലോചനക്കാരുടെ കയ്യിലെ ആയുധങ്ങളായി മാറുകയായിരുന്നു. ഈ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും, ഇതിനായി നിയമപോരാട്ടം തുടരുമെന്നും ഫൗസിയ ഹസ്സന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com