ഹര്‍ത്താലില്‍ അക്രമം നടത്തിയ കേസില്‍ മകന്‍ പൊലീസില്‍ കീഴടങ്ങി; മണിക്കൂറുകള്‍ക്കുള്ളില്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു

ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ടതിന് കേസെടുത്തതിനാല്‍ പൊലീസില്‍ കീഴടങ്ങിയ യുവാവിന്റെ പിതാവ് ആത്മഹത്യ ചെയ്തു
ഹര്‍ത്താലില്‍ അക്രമം നടത്തിയ കേസില്‍ മകന്‍ പൊലീസില്‍ കീഴടങ്ങി; മണിക്കൂറുകള്‍ക്കുള്ളില്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു


കൊല്ലം: ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ടതിന് കേസെടുത്തതിനാല്‍ പൊലീസില്‍ കീഴടങ്ങിയ യുവാവിന്റെ പിതാവ് ആത്മഹത്യ ചെയ്തു. കൊല്ലം ചവറ തേവലക്കര പടിഞ്ഞാറ്റക്കര കൊച്ചുപന്താടിയില്‍ (മനേഷ് ഭവനില്‍) മോഹനന്‍പിള്ള (65) ആണു വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. 

ഹര്‍ത്താല്‍ ദിവസം പന്മന കണ്ണന്‍കുളങ്ങര ജംക്ഷനില്‍ ബൈക്ക് യാത്രക്കാരന്‍ പന്മന നെറ്റിയാട് സ്വദേശി അനീസിനെ ആക്രമിച്ച കേസില്‍ പ്രതിയായിരുന്നു മോഹനന്‍പിള്ളയുടെ മകന്‍ മനോജ് കുമാര്‍. പൊലീസ് അന്വേഷിച്ചെത്തിയതിനെത്തുടര്‍ന്ന് മനോജ് കീഴടങ്ങി മണിക്കുറുകള്‍ക്കകം മോഹനന്‍പിള്ളയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ബിജെപി പടിഞ്ഞാറ്റക്കര 69-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റാണ് മോഹനന്‍പിള്ള. മകന്‍ യുവമോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകനാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12നാണ് ചവറ സ്‌റ്റേഷനില്‍ മനോജും സുഹൃത്ത് പടിഞ്ഞാറ്റക്കര ശ്രീ വിഹാറില്‍ ദേവാനന്ദും കീഴടങ്ങിയത്. വൈകിട്ട് നാലരയോടെ മോഹനന്‍പിള്ളയെ വീടിനുള്ളില്‍ തുങ്ങിയ നിലയില്‍ ഭാര്യയാണ് കണ്ടെത്തിയത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 

പൊലീസ് നിരന്തരം മകനെ തിരക്കി വീട്ടിലെത്തിയിരുന്നുവെന്നും മകന്‍ പൊലീസില്‍ കീഴടങ്ങിയതിലുള്ള മനോവിഷമം ആണ് മരണത്തിന് കാരണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com