തിരുവാഭരണങ്ങള്‍ പോയതുപോലെ തിരിച്ചുവരില്ലെന്ന് ഭീഷണി; സുരക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചതായി ശശികുമാരവര്‍മ 

അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുളള തിരുവാഭരണങ്ങള്‍ പോയതുപോലെ തിരിച്ചുവരില്ലെന്ന് എഴുതിയ ഭീഷണിക്കുറിപ്പുകള്‍ ലഭിച്ചതായി പന്തളം കൊട്ടാരം പ്രതിനിധി പി ജി ശശികുമാരവര്‍മ
തിരുവാഭരണങ്ങള്‍ പോയതുപോലെ തിരിച്ചുവരില്ലെന്ന് ഭീഷണി; സുരക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചതായി ശശികുമാരവര്‍മ 

പത്തനംതിട്ട: അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുളള തിരുവാഭരണങ്ങള്‍ പോയതുപോലെ തിരിച്ചുവരില്ലെന്ന് എഴുതിയ ഭീഷണിക്കുറിപ്പുകള്‍ ലഭിച്ചതായി പന്തളം കൊട്ടാരം പ്രതിനിധി പി ജി ശശികുമാരവര്‍മ. നിരന്തരം ഭീഷണിക്കുറിപ്പ് ലഭിച്ചതിനാലാണ് സുരക്ഷയ്ക്കായി പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷ ശക്തമാണെങ്കില്‍ ഭക്തരുടെ ആശങ്ക ഒഴിവാകുമെന്നും ശശികുമാരവര്‍മ വ്യക്തമാക്കി.

അതേസമയം മകരസംക്രമ പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുളള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്തുനിന്ന് പുറപ്പെടും. തിരുവാഭരണ ഘോഷയാത്രക്ക് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പന്തളം രാജാവ് അയ്യപ്പന് സമര്‍പ്പിച്ച തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണ് മകരസംക്രമ ഉത്സവത്തിന് നട തുറക്കുന്നത്. പന്തളം കൊട്ടാരത്തിലെ നിലവറയില്‍ സൂക്ഷിക്കുന്ന തിരുവാഭരണങ്ങള്‍ വൃശ്ചികം ഒന്നിന് പുറത്തെടുത്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി പ്രദര്‍ശിപ്പിച്ചിരുന്നു.

ഉച്ചക്ക് 12 ന് പ്രത്യേക പൂജകള്‍ക്ക് ശേഷം തിരുവാഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പേടകങ്ങള്‍ മൂന്നും അടക്കും. ഒരു മണിയോടെ നൂറുകണക്കിന് ഇരുമുടിക്കെട്ടേന്തിയ  അയ്യപ്പന്‍മാരുടെയും സായുധ പോലീസിന്റെയും ദേവസ്വം അധികൃതരുടെയും അകമ്പടിയോടെ തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് യാത്രയാരംഭിക്കും. ഇക്കൊല്ലം പുതുതായി പണികഴിപ്പിച്ച പല്ലക്കിലാണ് രാജ പ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നത്. ചൊവ്വാഴ്ചയാണ് മകരവിളക്ക്.

കഴിഞ്ഞദിവസം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കരുതെന്ന്  പത്തനംതിട്ട എസ്പി ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com