കറുത്തവനെതിരെ വിവേചനം കാണിച്ചയാളാണ് ഗാന്ധിജി: മഹാത്മാ എന്ന വിശേഷണം ചേരില്ലെന്ന് അരുന്ധതി റോയ്

മഹാത്മാ എന്ന വിശേഷണത്തിന് ഗാന്ധി അര്‍ഹനല്ലെന്ന് അരുന്ധതി റോയ് പറഞ്ഞു.
കറുത്തവനെതിരെ വിവേചനം കാണിച്ചയാളാണ് ഗാന്ധിജി: മഹാത്മാ എന്ന വിശേഷണം ചേരില്ലെന്ന് അരുന്ധതി റോയ്

കോഴിക്കോട്: മഹാത്മാ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി സാഹിത്യകാരി അരുന്ധതി റോയ് രംഗത്ത്. ഗാന്ധിയുടെ പേരിനൊപ്പമുള്ള മഹാത്മാ എന്ന വിശേഷണത്തിന് ഗാന്ധി അര്‍ഹനല്ലെന്നാണ് അരുന്ധതി റോയ് പറഞ്ഞത്. 

ഗാന്ധിജിയുടെ ആദ്യകാല സമരഭൂമിയായ ദക്ഷിണാഫ്രിക്കയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് പരിശോധിച്ചതിന് ശേഷമാണ് താന്‍ ഈ അഭിപ്രായം പറയുന്നതെന്നും അരുന്ധതി പറയുന്നു. കോഴിക്കോട് നടക്കുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സാഹിത്യത്തെയും രാഷ്ട്രീയത്തെയും കുറിച്ച് സോഹിനി റോയുമായി സംവദിക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം. 

അംബേദ്കറെയും ഗാന്ധിയെയും ഒരേ തരത്തില്‍ കാണാനാവില്ലെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു. 
'കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെ അങ്ങേയറ്റം വംശീയമായ നിലപാടുകള്‍ ഗാന്ധിയ്ക്കുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സമരങ്ങളിലെ അദ്ദേഹത്തിന്റെ ആദ്യ വിജയം ഒരു സര്‍ക്കാര്‍ പോസ്‌റ്റോഫീസുമായി ബന്ധപ്പെട്ടാണ്. പോസ്‌റ്റോഫീസിലേക്കു കടക്കാനായി മൂന്നാമതൊരു പ്രവേശനകവാടം തുറപ്പിച്ചതായിരുന്നു ആ വിജയം. 

ഇന്ത്യക്കാരും കറുത്ത വര്‍ഗ്ഗക്കാരും ഒരേ കവാടത്തിലൂടെ കടക്കേണ്ടി വരരുത് എന്നായിരുന്നു അതിന് അദ്ദേഹത്തിന്റെ ന്യായം,'- അരുന്ധതി റോയ് പറഞ്ഞു. ഘാന സര്‍വകലാശാലയില്‍ നിന്നും ഗാന്ധിയുടെ പ്രതിമ എടുത്തു മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടതും അരുന്ധതി റോയ് ചൂണ്ടിക്കാട്ടി.

'ഇന്ത്യയിലെ ഉന്നതകുലജാതരും ബ്രിട്ടീഷുകാരുമായുള്ള വംശീയ താരതമ്യം വരെ ഗാന്ധി നടത്തിയിട്ടുണ്ട്. താനടക്കമുള്ള ഇന്ത്യന്‍ സവര്‍ണര്‍ ആര്യന്മാരാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നതിന്റെ തെളിവുകള്‍ അദ്ദേഹത്തിന്റെ എഴുത്തുകളിലുണ്ട്. 

ഗാന്ധി തൊട്ടുകൂടായ്മയെക്കുറിച്ചും മറ്റും സംസാരിച്ചപ്പോള്‍, പ്രാതിനിധ്യം പോലുള്ള രാഷ്ട്രീയപ്രശ്‌നങ്ങളായിരുന്നു അംബേദ്കര്‍ ചൂണ്ടിക്കാണിച്ചത്. രാഷ്ട്രീയപരമായി ഗാന്ധി ഒരു ജീനിയസായിരുന്നു. പക്ഷേ മഹാത്മാ എന്ന വിശേഷണം അദ്ദേഹം അര്‍ഹിക്കുന്നില്ല. ഇക്കാര്യത്തില്‍ അംബേദ്കറിന് വഴികാട്ടാനും ഗാന്ധിക്ക് സാധിക്കില്ല'- അരുന്ധതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com