വനിതാ മതിലിലെ ആശയക്കുഴപ്പം വിശദീകരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി; ഭാരവാഹികള്‍ക്ക് പഠന ക്ലാസ്

തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപി യോഗം ശാഖാതലം മുതലുള്ള ഭാരവാഹികള്‍ക്കു വിശദീകരണ, പഠന ക്ലാസുകള്‍
വനിതാ മതിലിലെ ആശയക്കുഴപ്പം വിശദീകരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി; ഭാരവാഹികള്‍ക്ക് പഠന ക്ലാസ്

ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപി യോഗം ശാഖാതലം മുതലുള്ള ഭാരവാഹികള്‍ക്കു വിശദീകരണ, പഠന ക്ലാസുകള്‍. അടുത്ത മാസം മുതല്‍ സംസ്ഥാനത്തെ എല്ലാ യൂണിയനുകളിലും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നേരിട്ടു പങ്കെടുക്കുന്ന ക്ലാസുകള്‍ നടക്കും. ശബരിമല വിഷയം, വനിതാ മതില്‍, സാമ്പത്തിക സംവരണം, സംസ്ഥാന സര്‍ക്കാരിനോടുള്ള സമീപനം തുടങ്ങിയയില്‍ അംഗങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടായെന്ന വിലയിരുത്തലിലാണു ക്ലാസുകള്‍. 

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു തീരുന്നവിധം ദിവസവും ഒന്നോ രണ്ടോ യൂണിയനുകളില്‍ വീതമായിരിക്കും ക്ലാസ്. ആശയക്കുഴപ്പമില്ലാതെ കൃത്യമായി നിലപാട് പറയാന്‍ കഴിവുള്ള ഏതാനും പേരുടെ പട്ടികയും തയാറാക്കുന്നുണ്ട്.യൂണിയന്‍, ശാഖായോഗം, എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ്, വനിതാ വിഭാഗം, മൈക്രോ ഫിനാന്‍സ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലെയും ഭാരവാഹികളെ പങ്കെടുപ്പിക്കും. സാമ്പത്തിക സംവരണത്തിനെതിരെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, സംവരണം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാണെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അധിക സംവരണത്തിനുള്ള വഴി തുറക്കുകയാണെന്നും ആണു തുഷാറിന്റെ നിലപാട്.

ശബരിമല വിഷയത്തില്‍ യോഗം വിശ്വാസികള്‍ക്കൊപ്പമാണെന്ന നിലപാട് വിശദീകരിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വനിതാ മതിലിന്റെ മുഖ്യ സംഘാടകനായതു യോഗം പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. വനിതാ മതില്‍ കഴിഞ്ഞയുടന്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്നു യോഗം ഭാരവാഹികള്‍ക്കിടയില്‍ത്തന്നെ പ്രതിഷേധമുണ്ടായി. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോടുള്ള യോഗത്തിന്റെ നിലപാടും ക്ലാസുകളില്‍ വിശദീകരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com