അഗസ്ത്യാര്‍കൂടത്തില്‍ പെണ്‍സ്പര്‍ശം; ആദ്യമായി മല കയറിയത് ധന്യ സനല്‍; പ്രതിഷേധവുമായി ആദിവാസികള്‍

പ്ലെക്കാര്‍ഡുകള്‍ പിടിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ബോണക്കാട് പ്രതിഷേധം നടത്തി
അഗസ്ത്യാര്‍കൂടത്തില്‍ പെണ്‍സ്പര്‍ശം; ആദ്യമായി മല കയറിയത് ധന്യ സനല്‍; പ്രതിഷേധവുമായി ആദിവാസികള്‍

തിരുവനന്തപുരം; പ്രതിഷേധങ്ങള്‍ക്കിടെ അഗസ്ത്യാര്‍കൂടം കയറി ആദ്യത്തെ സ്ത്രീ. ഡിഫന്‍സ് പിആര്‍ഒ ധന്യ സനലാണ് ഹൈക്കോടതി വിധി വന്നതിന് ശേഷം ആദ്യമായി അഗസ്ത്യാര്‍കൂടത്തിന്റെ മുകളിലേക്ക് കയറിയത്. സ്ത്രീകളെ ട്രക്കിങ്ങില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ല എന്ന് പറഞ്ഞാണ് ഹൈക്കോടതി നിരോധനം നീക്കിയത്. വിധി വന്നതിന് ശേഷമുള്ള ആദ്യത്തെ അഗസ്ത്യാര്‍കൂടം യാത്രയാണ് ഇന്ന് ആരംഭിച്ചത്. നൂറോളം സ്ത്രീകളാണ് യാത്രയ്ക്ക് ബുക്ക് ചെയ്തിരിക്കുന്നത്. 

എന്നാല്‍ ആദിവാസികളുടെ വികാരം വ്രണപ്പെടുത്താന്‍ താല്‍പ്പര്യമില്ലെന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശത്തേക്ക് പൊകില്ലെന്നും ധന്യ സനല്‍ വ്യക്തമാക്കി. നടവഴിയിലൂടെ മാത്രമായിരിക്കും താന്‍ യാത്ര ചെയ്യുക എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ സ്ത്രീകള്‍ അഗസ്ത്യാര്‍കൂടത്തില്‍ യാത്ര ചെയ്യുന്നതിനെതിരേ പ്രതിഷേധവുമായി ആദിവാസികള്‍ രംഗത്തെത്തി. പ്ലെക്കാര്‍ഡുകള്‍ പിടിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ബോണക്കാട് പ്രതിഷേധം നടത്തി. അഗസ്ത്യാര്‍കൂടത്തിന്റെ അവസാനത്തെ മലയില്‍ പോകുന്നതിന് എതിരെയാണ് കാണി ആദിവാസി വിഭാഗം രംഗത്തെത്തിയത്. അഗസ്ത്യാ മുനി അന്ത്യവിശ്രമംകൊള്ളുന്ന മലയാണ് ഇതെന്നാണ് വിശ്വാസം. ആചാര ലംഘനം നടത്തിയാല്‍ ശക്തമായി പ്രതിഷേധിക്കും എന്നാണ് ആദിവാസി വിഭാഗത്തിന്റെ മുന്നറിയിപ്പ്. 

സ്ത്രീകള്‍ക്കും 14 വയസിന് താഴെയുള്ള കുട്ടികള്‍ക്കും തിരുവനന്തപുരം നെയ്യാര്‍ വന്യജീവിസങ്കേതത്തിലെ അഗസ്ത്യാര്‍കൂടത്തേക്കുള്ള പ്രവേശനം നേരത്തെ വനംവകുപ്പ് വിലക്കിയിരുന്നു. അന്വേഷി, വിംഗ്‌സ്, പെണ്ണൊരുമ തുടങ്ങിയ സംഘടനകളിലെ പ്രതിനിധികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അനുകൂല വിധി സമ്പാദിച്ചത്. ജനുവരി 14 മുതല്‍ മാര്‍ച്ച് 1 വരെയാണ് അഗസ്ത്യാര്‍കൂടം ട്രക്കിംഗ് നടക്കുക. 

അഗസ്ത്യാര്‍കൂടം മലയുടെ ഏറ്റവും മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരേ കാണി ആദിവാസി വിഭാഗവും ചില സംഘടനകളും പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു നിരോധനം കൊണ്ടുവന്നത്. സ്ത്രീകള്‍ മല കയറുന്നത് ആചാരലംഘനമായാണ് കാണി വിഭാഗം കണക്കാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com