ഹൈവേകളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ കള്ളന്‍ പിടിയില്‍: വിനയായത് സിസിടിവി ദൃശ്യങ്ങള്‍

സംസ്ഥാനത്തെ ഹൈവേകള്‍ കേന്ദ്രീകരിച്ച് വാഹനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയില്‍.
ഹൈവേകളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ കള്ളന്‍ പിടിയില്‍: വിനയായത് സിസിടിവി ദൃശ്യങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈവേകള്‍ കേന്ദ്രീകരിച്ച് വാഹനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയില്‍. തിരുവനന്തപുരം മംഗലപുരം സ്വദേശി ബിനുവിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രാത്രി കാലങ്ങളില്‍ ഹൈവേയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നാണ് പ്രതി മോഷണം നടത്തിയിരുന്നത്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കാര്‍ഷികോല്‍പ്പന്നങ്ങളും മറ്റും വില്‍ക്കാനെത്തുന്ന ലോറികളില്‍ നിന്നായിരുന്നു ഇയാള്‍ സ്ഥിരമായി മോഷണം നടത്തിയിരുന്നത്. ഹൈവേയില്‍ വാഹനം ഒതുക്കിയിട്ട് ഡ്രൈവര്‍മാര്‍ ഉറങ്ങുമ്പോള്‍ പിക്കപ്പ് വാനില്‍ പിന്തുടര്‍ന്നെത്തിയാണ് മോഷണം. പരാതികള്‍ തുടര്‍ച്ചയായി വന്നതോടെ ചാലക്കുടി ഡിവൈഎസ്പി രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം ആരംഭിച്ചത്. 

കഴിഞ്ഞ ദിവസം പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം തമിഴ്‌നാട് സ്വദേശിയായ സൂര്യ പ്രകാശിന്റെ വാഹനത്തില്‍ നിന്നും ഒരു ലക്ഷം രൂപയാണ് ഇയാള്‍ കവര്‍ന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ വാഹനത്തിനടുത്ത് വരുന്നതും പരിസരം നിരീക്ഷിച്ച ശേഷം വാഹനത്തില്‍ നിന്നും ഒരു പൊതിയെടുത്ത് പിക്കപ്പ് വാനില്‍ കയറിപ്പോകുന്നതും വ്യക്തമായി. ഇത് ബിനുവാണെന്ന് സ്ഥിരീകരിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. 

അറസ്റ്റ് ചെയ്ത് ചാലക്കുടിയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഇയാള്‍ക്കെതിരെ മോഷണത്തിന് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സംഘത്തിലുള്ളവര്‍ക്കായുള്ള തെരച്ചലിലാണ് പൊലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com