ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമവായം; കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവച്ചു

കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രിമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു
ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമവായം; കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രിമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. ഗതാഗതമന്ത്രിയുമായി തൊഴിലാളി സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. തൊഴിലാളികളുടെ ആവശ്യങ്ങളില്‍ ഒരളവു വരെ ധാരണയായതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

ശമ്പള പരിഷകരണ ചര്‍ച്ച ഈ മാസം അവസാനം പുരനാരംഭിക്കും. പിരിച്ചുവിട്ട തൊഴിലാളെ തിരിച്ചെടുക്കണം എന്ന ആവശ്യത്തില്‍ സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നത് എല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഗതാഗത സെക്രട്ടറി നിര്‍ദേശിച്ച ഡ്യൂട്ടി പരിഷ്‌കരണം ഈ മാസം 21മുതല്‍ നടപ്പാക്കും.  ശബരിമലയിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി കഴിഞ്ഞ് പഴയ സമയക്രമത്തിലേക്ക് തൊഴിലാളികള്‍ മടങ്ങിവരും വരെ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

നേരത്തെ, സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും സമരം മാറ്റിവയ്ക്കണമെന്നും സംഘടനകളോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി ഉത്തര് അംഗീകരിക്കില്ലെന്നും സമരവുമായി മുന്നോട്ടുപോകും എന്നുമായിരുന്നു സംഘടനകളുടെ നിലപാട്. പിന്നീട് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നിലപാട് മയപ്പെടുത്തിയ സംയുക്ത സമരസമിതി, തത്ക്കാലം സമരം വേണ്ടെന്ന് തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. ഗതാഗത മന്ത്രിക്കും തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്കും പുറമേ, കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിയും ചര്‍ച്ചയില്‍ പങ്കെടുത്തു. 

ഭരണ, പ്രതിപക്ഷ തൊഴിലാളികള്‍ സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സമരം ഒഴിവാക്കാനായി തച്ചങ്കരിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് അര്‍ധരാത്രിമുതല്‍ സമരം ആരംഭിക്കാനാണ് തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചിരുന്നത്.

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം, ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ നടപടികളിലൂടെയുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ടുവച്ചിട്ടുള്ളത്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവയാണ് സംയുക്ത സമിതിയിലുള്ളത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് സമരസമിതി ആരോപിച്ചു. ഇതുവരെ വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രി തയാറായിട്ടില്ലെന്നും തൊഴിലാളി യൂണിയനുകള്‍ പരാതിപ്പെട്ടിരുന്നു. 

നേരത്തെ, കെഎസ്ആര്‍ടിസി തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കാന്‍ കാര്യക്ഷമമായി ഇടപെടാതിരുന്ന എംഡി ടോമിന്‍ ജെ തച്ചങ്കരിക്ക് എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സമരത്തിന് ഒന്നാംതീയതി നോട്ടീസ് കിട്ടിയിട്ടും ഇന്നാണോ ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് കോടതി ചോദിച്ചു. പ്രശ്‌ന പരിഹാരത്തിന് എംഡി സ്വീകരിച്ച നിലപാട് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com