ചെറുകിട ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ എട്ടാംക്ലാസ് വേണ്ട: ഹൈക്കോടതി 

ലൈറ്റ് മോട്ടോര്‍ വാഹന (എല്‍എംവി) ലൈസന്‍സ് ഉള്ളവര്‍ക്ക് ഏഴര ടണ്‍ വരെ ഭാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ യോഗ്യതയുണ്ടെന്ന് ഹൈക്കോടതി
ചെറുകിട ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ എട്ടാംക്ലാസ് വേണ്ട: ഹൈക്കോടതി 

കൊച്ചി: ലൈറ്റ് മോട്ടോര്‍ വാഹന (എല്‍എംവി) ലൈസന്‍സ് ഉള്ളവര്‍ക്ക് ഏഴര ടണ്‍ വരെ ഭാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ യോഗ്യതയുണ്ടെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ എട്ടാംക്ലാസ് വിദ്യാഭ്യാസയോഗ്യത ആവശ്യമില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. എല്‍എംവി ലൈസന്‍സ് ഉണ്ടായിട്ടും എട്ടാം ക്ലാസ് യോഗ്യത ഇല്ലാത്തതിനാല്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാനുള്ള അംഗീകാരത്തിന് അപേക്ഷിക്കാനാവില്ലെന്ന അധികൃതരുടെ നിലപാടിന് എതിരെയാണ് ഒരുകൂട്ടം ഡ്രൈവര്‍മാര്‍ കോടതിയിലെത്തിയത്.

തിരൂര്‍ ആര്‍ടിഒ ഓഫിസില്‍നിന്നു ലൈസന്‍സ് എടുത്തവരാണു ഹര്‍ജിക്കാര്‍. മോട്ടോര്‍ വാഹനച്ചട്ടത്തിലെ ആറാം വകുപ്പനുസരിച്ച് നാലാം ക്ലാസ് പഠനവും ലൈറ്റ് മോട്ടോര്‍ വാഹനമോടിച്ച് ഒരു വര്‍ഷത്തെ പരിചയവും ഉള്ളവര്‍ക്കു ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളെ പല വിഭാഗങ്ങളായി തിരിച്ച് നിലനിര്‍ത്തിയിരുന്ന രീതി 1994ല്‍ നീക്കംചെയ്തു. പൊതുഗതാഗതവാഹനം, ചരക്കുവാഹനം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ  വാഹനം, സ്വകാര്യ സര്‍വീസ് വാഹനം തുടങ്ങിയവയെല്ലാം  ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍പെടും. യോഗ്യതയുണ്ടായിട്ടും അനുമതി നിഷേധിക്കാന്‍ ഇങ്ങനെയൊരു വിദ്യാഭ്യാസയോഗ്യത നിഷ്‌കര്‍ഷിക്കുന്നതില്‍ ന്യായീകരണമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.എല്‍എംവി ലൈസന്‍സ് ഉള്ളവര്‍ക്ക് ആ വിഭാഗത്തിലെ ഏഴര ടണ്‍ വരെ ഭാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഉള്‍പ്പെടെ ഓടിക്കാമെന്നു 'മുകുന്ദ് ദേവാംഗന്‍' കേസില്‍ സുപ്രീം കോടതി പറഞ്ഞിട്ടുള്ളതു ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

പ്രതിഫലംപറ്റി ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന അനുമതിപത്രമാണ് ബാഡ്ജ്. ഓട്ടോറിക്ഷ, ടാക്‌സി, മിനി ബസ്, വലിയ ടാക്‌സികാറുകള്‍, ചെറിയ ടിപ്പറുകള്‍ തുടങ്ങിയവയെല്ലാം ചെറിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ പരിധിയില്‍വരും. ഇത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് വേണ്ടെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. അതിനാല്‍ ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ അനുവദിച്ച് ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com