ആലപ്പുഴയില്‍ സംഘടനാപരമായ വീഴ്ചയുണ്ടായി; ഡിസിസി നിര്‍ജീവമായിരുന്നു, ഉപതെരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം വേണം: കോണ്‍ഗ്രസ് അന്വേഷണ സമിതി റിപ്പോര്‍ട്ട്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലേറ്റ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച മൂന്നംഗം സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്
ആലപ്പുഴയില്‍ സംഘടനാപരമായ വീഴ്ചയുണ്ടായി; ഡിസിസി നിര്‍ജീവമായിരുന്നു, ഉപതെരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം വേണം: കോണ്‍ഗ്രസ് അന്വേഷണ സമിതി റിപ്പോര്‍ട്ട്

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലേറ്റ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച മൂന്നംഗം സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്. ഡിസിസിസി വീഴ്ച വരുത്തിയെന്നാണ് കെവി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഡിസിസി നേതൃത്വം നിര്‍ജീവമായിരുന്നു. അരൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ചൊവ്വാഴ്ച കെപിസിസി അധ്യക്ഷന് കൈമാറും. 

ഭൂരിപക്ഷം കുറഞ്ഞുപോയ നിയമസഭ മണ്ഡലങ്ങളില്‍ നേതൃമാറ്റം വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രചാരണ വേളയില്‍ സ്ഥാനാര്‍ത്ഥി ഭൂരിഭാഗം സമയവും ഒറ്റയ്ക്കായിരുന്നുവെന്നും മുതിര്‍ന്ന നേതാക്കള്‍ സജീവമായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ചിട്ടും 20ല്‍ 19 സീറ്റിലും മുന്നണി വിജയിച്ചിട്ടും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ മാത്രം തോറ്റത് സംഘടനയിലെ ഉള്‍പ്പോര് കൊണ്ടാണെന്ന് ആദ്യമേ വിമര്‍ശനമുയര്‍ന്നിരുന്നു. ഒരു വിഭാഗം നേതാക്കള്‍ തെരഞ്ഞെടുുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. 

തോല്‍വി കോണ്‍ഗ്രസ് നേതൃത്വം ഗൌരവമായി കണക്കിലെടുക്കണമെന്ന് ഷാനിമോള്‍ ആവശ്യപ്പെട്ടിരുന്നു. കെസി വേണുഗോപാല്‍ പ്രചാരണ രംഗത്ത് സജീവമാകാതിരുന്നരത് തിരിച്ചടിയായെന്ന് നേരത്തെ ഡിസിസി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.  മത്സര രംഗത്തുനിന്ന് സ്ഥലം എംപി പിന്മാറിയത് തോല്‍വിക്ക് കാരണമായി എന്ന് നേതാക്കള്‍ ആരോപിച്ചു. പ്രചാരണ രംഗത്ത് കെസി സജീവമായില്ല. ഷാനിമോളെ പോലും ഉള്‍പ്പെടുത്താതെ റോഡ് ഷോ നടത്തിയതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com