അവരുടെ വാക്കുകൾ കേട്ട് പാളത്തിൽ കുനിഞ്ഞു കിടന്നു; ജയലക്ഷ്മി തിരിച്ചു കയറിയത് ജീവിതത്തിലേക്ക്; വി​ദ്യാർഥിനിയുടെ അത്ഭുതകരമായ രക്ഷപ്പെടൽ!

മുന്നോട്ടെടുത്ത ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിൽ നിന്ന് പാളത്തിലേക്ക് വീണ കോളജ് വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു
അവരുടെ വാക്കുകൾ കേട്ട് പാളത്തിൽ കുനിഞ്ഞു കിടന്നു; ജയലക്ഷ്മി തിരിച്ചു കയറിയത് ജീവിതത്തിലേക്ക്; വി​ദ്യാർഥിനിയുടെ അത്ഭുതകരമായ രക്ഷപ്പെടൽ!

കാഞ്ഞിരമറ്റം: മുന്നോട്ടെടുത്ത ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിൽ നിന്ന് പാളത്തിലേക്ക് വീണ കോളജ് വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. റെയിൽവേ കീമാൻമാരുടെ അവസരോചിതമായ ഇടപെടലാണ് വിദ്യാർഥിനിയുടെ ജീവൻ രക്ഷിച്ചത്. ''മോളെ പേടിക്കേണ്ട, അനങ്ങല്ലേ'' എന്ന കീമാൻമാരുടെ വാക്കുകളാണ് പാളത്തിലേക്ക് വീണു പോയ ജയലക്ഷ്മി എന്ന വിദ്യാർഥിനിക്ക് ധൈര്യം പകർന്നത്. 

ഇന്നലെ രാവിലെ 7.45ന് കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. കൊല്ലം- എറണാകുളം പാസഞ്ചർ സ്റ്റേഷനിൽ നിന്ന് മുന്നോട്ടെടുത്തപ്പോഴാണ് എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥിനി കാഞ്ഞിരമറ്റം മുതയിൽ ജയലക്ഷ്മി (20) പ്ലാറ്റ്ഫോമിലെത്തിയത്. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി വഴുതി പാളത്തിലേക്ക് വീഴുന്നത് കണ്ട് യാത്രക്കാരും റെയിൽവേ ജീവനക്കാരും ആദ്യം പകച്ചു. പിന്നീട് കീമാൻമാർ സമയോചിതമായി ഇടപെട്ടതോടെയാണ് വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടത്. 

പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിലായി വീണ വിദ്യാർഥിനിയോട് തലകുനിച്ച് അനങ്ങാതെ കിടക്കാനായിരുന്നു കീമാൻമാർ നി​ർദേശിച്ചത്. അപ്പോഴേക്കും യാത്രക്കാരിലൊരാൾ അപായച്ചങ്ങല വലിച്ചു ട്രെയിൻ നിർത്തി. ഒരു ബോ​ഗി അതിനകം മുന്നോട്ട് നീങ്ങിയിരുന്നു. ഉടൻ യാത്രക്കാരും ജീവനക്കാരും ചേർന്ന് പാളത്തിന്റെ എതിർ വശത്തുകൂടി കുട്ടിയെ ട്രെയിനിനടിയിൽ നിന്ന് പുറത്തെടുത്തു. ട്രെയിനിന്റെ മധ്യഭാ​ഗത്താണ് വിദ്യാർഥിനി വീണത്. 

താടിയെല്ലിന് പരുക്കേറ്റ വിദ്യാർഥിനി തപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ട്രെയിൻ 20 മിനുട്ടോളം സ്റ്റേഷനിൽ നിർത്തിയിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com