വിധി മറികടന്നുകൊണ്ടുള്ള ഒരു പരിഹാരവും വേണ്ട; സഭാ കേസില്‍ സുപ്രിം കോടതിയുടെ വിധിപ്പകര്‍പ്പ് പുറത്ത് 

കോടതി വിധി അംഗീകരിച്ചുകൊണ്ടല്ലാതെ മറ്റൊരു വിധത്തിലും പ്രശ്‌ന പരിഹാരം പാടില്ല. സമാന്തരമായ മറ്റൊരു സംവിധാനം സൃഷ്ടിക്കാനാവില്ലെന്ന് സുപ്രിം കോടതി
വിധി മറികടന്നുകൊണ്ടുള്ള ഒരു പരിഹാരവും വേണ്ട; സഭാ കേസില്‍ സുപ്രിം കോടതിയുടെ വിധിപ്പകര്‍പ്പ് പുറത്ത് 

ന്യൂഡല്‍ഹി: മലങ്കര സഭാ കേസില്‍ 2017ലെ വിധി മറികടന്നുകൊണ്ടുള്ള ഒരു പരിഹാര ശ്രമവും വേണ്ടെന്ന് സുപ്രിം കോടതി. അത്തരത്തിലുള്ള ഒരു സമാന്തര സംവിധാനവും സൃഷ്ടിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും എംആര്‍ ഷായും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിധി നടപ്പാക്കുന്നതിനു പൊലീസ് സുരക്ഷ തേടി ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് സുപ്രിം കോടതിയുടെ വിധി. ചൊവ്വാഴ്ച പരിഗണിച്ചു തീര്‍പ്പാക്കിയ കേസിന്റെ വിധിപ്പകര്‍പ്പ് ഇന്നാണു പുറത്തുവന്നത്. 

2017ലെ സുപ്രിം കോടതി വിധി വ്യാഖ്യാനിച്ചുകൊണ്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ദുര്‍ബലപ്പെടുത്തി. അത്തരത്തിലുള്ള ഒരു വ്യഖ്യാനത്തിനും സാധ്യതയില്ലെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സുപ്രിം കോടതി വിധി ലംഘിച്ചുകൊണ്ടുള്ള ഒരു നടപടിയും ആരില്‍നിന്നും ഉണ്ടാവരുത്. വിധിക്കു വിരുദ്ധമായി സംസ്ഥാന സര്‍ക്കാരിനും പ്രവര്‍ത്തിക്കാനാവില്ല. സുപ്രിം കോടതി വിധി അതിന്റെ പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട കക്ഷികളും ചെയ്യേണ്ടത്. കോടതി വിധി അംഗീകരിച്ചുകൊണ്ടല്ലാതെ മറ്റൊരു വിധത്തിലും പ്രശ്‌ന പരിഹാരം പാടില്ല. സമാന്തരമായ മറ്റൊരു സംവിധാനം സൃഷ്ടിക്കാനാവില്ലെന്ന് സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com