'മോദി അധികാരത്തിലെത്തിയതില്‍ എത്രമാത്രം സന്തോഷമായിരിക്കും നവ പരമേശ്വര്‍ജി അനുഭവിക്കുന്നുണ്ടാവുക'

'മോദി അധികാരത്തിലെത്തിയതില്‍ എത്രമാത്രം സന്തോഷമായിരിക്കും നവ പരമേശ്വര്‍ജി അനുഭവിക്കുന്നുണ്ടാവുക'
'മോദി അധികാരത്തിലെത്തിയതില്‍ എത്രമാത്രം സന്തോഷമായിരിക്കും നവ പരമേശ്വര്‍ജി അനുഭവിക്കുന്നുണ്ടാവുക'

കൊച്ചി: ഫെയ്‌സ്ബുക്കിലെ സംവാദത്തിനിടയില്‍ തന്നെ 'കുട്ടംകുളം അശോകന്‍' എന്നു വിശേഷിപ്പിച്ച സിആര്‍ പരമേശ്വരന്, കുട്ടംകുള സമര വാര്‍ഷിക ദിനത്തില്‍ മറുപടിയുമായി അശോകന്‍ ചരുവില്‍. ശത്രുവിനെ നിലംപരിശാക്കാന്‍ ആക്ഷേപമായി 'കുട്ടംകുളം' എന്നു ചേര്‍ത്തു വിശേഷിപ്പിക്കുന്ന ഒരാള്‍ എത്ര പകയോടെയും പ്രതികാരദാഹത്തോടെയുമായിരിക്കും ആ സമരത്തെ ഓര്‍മ്മിക്കുന്നുണ്ടാവുകയെന്ന് അശോകന്‍ ചരുവില്‍ കുറിപ്പില്‍ ചോദിച്ചു. ആ പക ഉള്ളിലൊളിപ്പിച്ചിട്ടല്ലേ അദ്ദേഹം ഇത്രനാളും ആധുനികസാഹിത്യം എഴുതിയത്?- അശോകന്‍ ചരുവില്‍ ചോദിക്കുന്നു.

അശോകന്‍ ചരുവിലിന്റെ കുറിപ്പ്: 

#കുട്ടംകുളംബസമരവും
#സിആര്‍പരമേശ്വരന്‍സാറും.
ഞങ്ങള്‍ ഇരിങ്ങാലക്കുടക്കാര്‍ വഴിനടക്കാനായി നടത്തിയ മഹത്തായ കുട്ടംകുളം സമരത്തിന്റെ എഴുപത്തിമൂന്നാം വാര്‍ഷികാചരണം ഇന്ന് നടക്കുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് എസ്.എന്‍.ക്ലബ്ബ് ഹാളില്‍ 'വഴി നടക്കാനുള്ള സമരങ്ങളും സമകാലിക കേരളവും' എന്ന വിഷയത്തില്‍ സുനില്‍ പി. ഇളയിടം നടത്തുന്ന പ്രഭാഷണമാണ് മുഖ്യ പരിപാടി.

കമ്യൂണിസ്റ്റ് പാര്‍ടിയുടേയും കൊച്ചി എസ്.എന്‍.ഡി.പി.യുടേയും പുലയ മഹാസഭയുടേയും സംയുക്ത നേതൃത്തത്തിലാണ് കുട്ടംകുളം സമരം നടന്നത്. സമരവാര്‍ഷികദിനത്തില്‍ അന്ന് നായകരായിരുന്ന പി.ഗംഗാധരന്‍, കെ.വി.ഉണ്ണി, പി.കെ.കുമാരന്‍, പി.കെ.ചാത്തന്‍ മാസ്റ്റര്‍, പി.സി.കുറുമ്പ, എം.കെ.തയ്യില്‍ തുടങ്ങിയവരുടെ ദീപ്തസ്മരണ സ്വാഭാവികമാണ്. എന്നാല്‍ ഇത്തവണ എന്റെ അഭിവന്ദ്യസുഹൃത്ത് സാഹിത്യകാരന്‍ സി.ആര്‍.പരമേശ്വരന്‍ എന്ന വ്യക്തിയേയും ഞാന്‍ ഓര്‍മ്മിക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഫേസ് ബുക്കിലെ ഒരു ആശയസംവാദത്തിനിടക്ക് അദ്ദേഹം എന്നെ 'കുട്ടംകുളം അശോകന്‍' എന്നു വിളിച്ച് തോല്‍പ്പിക്കാന്‍ ശ്രമിച്ചത്.

1946 ജൂലൈ 6ന് കുട്ടംകുളം വഴിയിലേക്ക് മാര്‍ച്ച് ചെയ്യുവാന്‍ അധസ്ഥിത ജനതയെ പ്രേരിപ്പിച്ച ഒരു പ്രത്യേകസംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അക്കാലത്ത് പുലയ മഹാസഭയുടെ വാര്‍ഷിക സമ്മേളനം ഇരിങ്ങാലക്കുടയില്‍ നടന്നു. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഒരു സംഘം പുലയയുവതികള്‍ സാരിയുടുത്ത് പട്ടണത്തില്‍ ജാഥ നടത്തി. അത് കണ്ട് പ്രകോപിതരായ സവര്‍ണ്ണപ്രമാണിമാര്‍ യുവതികളുടെ ശരീരത്തിലേക്ക് മുറുക്കിത്തുപ്പി.

മുറുക്കിത്തുപ്പലും, സദ്യക്കിരിക്കുമ്പോള്‍ പുളിശേരിയിലെ മാമ്പഴം പിഴിഞ്ഞ് അന്യന്റെ ഇലയിലേക്ക് തെറിപ്പിക്കലും കീഴ്ശ്വാസം വിട്ട് ദുര്‍ഗന്ധം പരത്തലും വര്‍ണ്ണപൗരോഹിത്യത്തിന്റെ പഴയ ആയുധങ്ങളാണ്. ഇന്ന് അവര്‍ ആയുധങ്ങള്‍ നവീകരിച്ചിട്ടുണ്ട്.

ഞാനും സി.ആര്‍.പരമേശ്വരന്‍ സാറും തമ്മിലുള്ള സംവാദങ്ങള്‍ക്കിടക്ക് രണ്ട് ആയുധങ്ങളാണ് അദ്ദേഹം എന്നെ ആക്രമിക്കാനായി ഉപയോഗിക്കുക പതിവ്. ഒന്ന്, അദ്ദേഹം ഉയര്‍ന്ന ഒരു സവര്‍ണ്ണകുലത്തില്‍ ജനിച്ചയാളാണ്. ഞാനാകട്ടെ കള്ളുചെത്ത്, തെങ്ങുകയറ്റം. നിലമുഴല്‍, നെയ്ത്ത് എന്നിവ ചെയ്യുന്ന ഒരു പിന്നാക്കജാതിയിലും. 
രണ്ട്, അദ്ദേഹം ഉന്നതമായ നിരവധി ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റുകളും കൈവശമുള്ളയാളാണ്. കൂടാതെ ന്യൂറോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, അസ്‌ട്രോളജി എന്നിവയിലും അറിവുണ്ട്. എനിക്ക് അവയൊന്നുമില്ല. ബിരുദപഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കോളേജ് വിട്ട് ടി.ടി.സിക്ക് ചേര്‍ന്നവനാണ്. ഈ രണ്ട് പരിമിതികള്‍ക്കും പരിഹാരമില്ലാത്തതിനാല്‍ ഞാന്‍ മറുപടി പറയാറില്ല. ഇനി ഈ പ്രായത്തില്‍ തിരിച്ചുപോയി സവര്‍ണ്ണനായി ജനിക്കുക എന്നതൊക്കെ ബുദ്ധിമുട്ടാണ്. ന്യൂക്ലിയര്‍ മെഡിസിന്‍ മുതല്‍ തത്വചിന്ത, ജോതിഷം വരെയുള്ള നാനാവിധ വിഷയങ്ങളിലെല്ലാം ബിരുദം നേടുക എന്നതും എളുപ്പമല്ല.

പക്ഷേ അതിനേക്കാളൊക്കെ ഭയങ്കരമായ ഒരു ആക്ഷേപം എന്ന നിലക്കാണ് അദ്ദേഹം പിന്നീട് 'കുട്ടംകുളം' എന്ന വിശേഷണം എനിക്കെതിരെ പ്രയോഗിച്ചത്. പക്ഷേ അത് എന്നിലുണ്ടാക്കിയ ആനന്ദം എത്രയെന്നു പറയാനാവില്ല. 'അശോകന്‍ ചരുവില്‍' എന്ന പേരില്‍ ഒരുപാട് പുസ്തകങ്ങള്‍ എഴുതിക്കഴിഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ടാണ് ശ്രി.പരമേശ്വരന്‍ നല്‍കിയ വിശേഷണം ഞാന്‍ ഒരു തൂലികാനാമമായി സ്വീകരിക്കാതിരുന്നത്. സത്യം പറഞ്ഞാല്‍ കുട്ടംകുളം ആകുന്നു എന്റെ സര്‍വ്വകലാശാല. ഗോര്‍ക്കിയുടെ 'My Universities'ല്‍ വിവരിച്ചതു പോലെ.

എന്നെ 'കുട്ടംകുളം അശോകന്‍' എന്നു വിശേഷിപ്പിക്കുന്നതില്‍ ഔചിത്യമുണ്ടെന്ന് ഞാന്‍ പറയട്ടെ. ഒന്നാമത്തെ കാര്യം ഞാനടക്കമുള്ള മനുഷ്യവിഭാഗത്തിന്റെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നതില്‍ ആ സമരത്തിന് വലിയ പങ്കുണ്ട്. 
രണ്ട്: എന്റെ പൂര്‍വ്വികര്‍ പലരും ആ സമരത്തില്‍ ഉണ്ടായിരുന്നു. മൂന്ന്: എന്റെ 'കറപ്പന്‍' അടക്കമുള്ള പല കഥാപാത്രങ്ങളും അതില്‍ പങ്കെടുത്തിട്ടുണ്ട്. 
നാല്: കഥകളിലും നോവലുകളിലും ഓര്‍മ്മക്കുറിപ്പുകളിലും ലേഖനങ്ങളിലും ഞാന്‍ ആ സമരത്തെക്കുറിച്ച് ആവര്‍ത്തന ദോഷത്തോടെത്തന്നെ എഴുതിയിട്ടുണ്ട്. ഇനിയും എഴുതും. ഇങ്ങനെ ഒരാളെ 'കുട്ടംകുളം' എന്നല്ലാതെ വേറെന്താണ് വിളിക്കേണ്ടത്? പട്ടിക്കാംതൊടി രാമുണ്ണിമേനോനെ നമ്പൂതിരിക്കുട്ടികള്‍ 'പട്ടി' എന്നു വിളിച്ചിരുന്നതു പോലെ ഒരു നമ്പൂതിരി ഫലിതമല്ല അത്.

സന്തോഷമുണ്ടാക്കുന്ന മറ്റൊരു സംഗതി അധ:കൃതനും ബിരുദരഹിതനും സര്‍വ്വോപരി കമ്യൂണിസ്റ്റുമായ ഈ ഞാന്‍ കഥയായും ലേഖനമായും എഴുതിവിടുന്ന സംഗതികളില്‍ ഏതാണ്ടും വരേണ്യ ആധുനികതയിലെ ഒരു സാഹിത്യനായകനായ ശ്രീപരമേശ്വരന്‍ വായിക്കുന്നുണ്ട് എന്ന അറിവാണ്. ചാലക്കുടി സ്വദേശിയായ അദ്ദേഹത്തിന് കുട്ടംകുളവും കൂടല്‍മാണിക്യക്ഷേത്രവും അപരിചിതമാവാനിടയില്ല. കുട്ടംകുളം സമരസേനാനികള്‍ പലരും അദ്ദേഹത്തിന്റെ നാട്ടുകാരായിരുന്നു എന്ന വസ്തുതയും ഉണ്ട്. പൈങ്കി മാഷും എം.കെ. കാട്ടുപറമ്പനും പൈലിക്കുട്ടിയും പരിയാരം സമരവുമെല്ലാം അദ്ദേഹത്തിന്റെ മനസ്സില്‍ വേവാതെ കിടക്കുന്നുണ്ടായിരിക്കും.

ഞാന്‍ ഇപ്പോള്‍ ആശങ്കപ്പെടുന്നത് വഴിനടക്കാന്‍ വേണ്ടി അധസ്ഥിത ജനത നടത്തിയ ആ സമരങ്ങള്‍ സി.ആര്‍.പരമേശ്വരന്‍ എന്ന സാഹിത്യകാരനെ എങ്ങനെയായിരിക്കും സ്പര്‍ശിച്ചിരിക്കുക എന്നതാണ്. ഒരു അര്‍ദ്ധ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചവനെങ്കിലും എഴുപതുകളിലെ നക്‌സല്‍ബാരി തീവ്രവാദ രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം വരെ എത്തിയതാണ് അദ്ദേഹത്തിന്റെ ബുദ്ധിജീവിതം. വഴിനടക്കാനുള്ള സമരങ്ങളും അതിന്റെ ഓര്‍മ്മയും ആ മൃദു കോമള സവര്‍ണ്ണ മനസ്സില്‍ എന്തെന്തു വികാരങ്ങള്‍, പ്രതികരണങ്ങള്‍ ആണ് ഉണ്ടാക്കിയിരിക്കുക?

ഞാന്‍ ഭയപ്പെടുന്നു. തന്റെ ശത്രുവിനെ നിലംപരിശാക്കാന്‍ ആക്ഷേപമായി 'കുട്ടംകുളം' എന്നു ചേര്‍ത്തു വിശേഷിപ്പിക്കുന്ന ഒരാള്‍ എത്ര പകയോടെയും പ്രതികാരദാഹത്തോടെയുമായിരിക്കും ആ സമരത്തെ ഓര്‍മ്മിക്കുന്നുണ്ടാവുക? ആ പക ഉള്ളിലൊളിപ്പിച്ചിട്ടല്ലേ അദ്ദേഹം ഇത്രനാളും ആധുനികസാഹിത്യം എഴുതിയത്. നക്‌സല്‍ബാരി മൂവ്‌മെന്റിന്റെ അടുത്തു വരെ പോയത്? സമൂഹമനസ്സിന്റെ ആന്തരിക വൈരുദ്ധ്യങ്ങള്‍ അത്യന്തം സങ്കീര്‍ണ്ണമാണ്.

സി.ആര്‍.പരമേശ്വരന്‍ സാറിനെ ഒരു സമൂഹത്തിന്റെ പ്രതിനിധിയായി കണക്കാക്കാമെങ്കില്‍ അപായകരമായ ഒരു സൂചനയാണത്. വി ടി യെ ചവിട്ടിയെറിഞ്ഞ് കര്‍ക്കടാംകുന്നത്തെ നമ്പൂതിരി നവവരനായി സിംഹാസനത്തില്‍ കയറിയിരുന്നു കഴിഞ്ഞു. ഇ.എം.എസും ഐ.സി.പി.യും ആര്യാ പള്ളവും തമസ്‌ക്കരിക്കപ്പെടും. സുരി നമ്പൂതിരിപ്പാട് തിളങ്ങും.

രണ്ടാംവട്ടം നരേന്ദ്രമോദി അധികാരത്തിലെത്തിയതില്‍ എത്രമാത്രം സന്തോഷമായിരുക്കും നമ്മുടെ നവ പരമേശ്വര്‍ജി അനുഭവിക്കുന്നുണ്ടാവുക എന്നതു മാത്രമേ അറിയാനുള്ളു!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com