നെയ്മീന് വില ആയിരത്തിനടുത്ത്; കിട്ടാനുമില്ല; ആശ്വാസമായി തമിഴ്നാട് ചാള

പുഴകളിൽ മീനുകൾ കുറഞ്ഞതും ട്രോളിങ് നിരോധനവുമൊക്കെ കാര്യമായി ബാധിച്ച മത്സ്യ മാർക്കറ്റുകളിൽ തമിഴ്നാട്ടിൽ നിന്നുള്ള ചാളയുടെ വരവ് ഉണർവേകുന്നു
നെയ്മീന് വില ആയിരത്തിനടുത്ത്; കിട്ടാനുമില്ല; ആശ്വാസമായി തമിഴ്നാട് ചാള

വരാപ്പുഴ: പുഴകളിൽ മീനുകൾ കുറഞ്ഞതും ട്രോളിങ് നിരോധനവുമൊക്കെ കാര്യമായി ബാധിച്ച മത്സ്യ മാർക്കറ്റുകളിൽ തമിഴ്നാട്ടിൽ നിന്നുള്ള ചാളയുടെ വരവ് ഉണർവേകുന്നു. സാധാരണക്കാരുടെ ഇഷ്ട മത്സ്യമായ ചാളയുടെ വരവ് കുറഞ്ഞത് മത്സ്യ മാർക്കറ്റുകളേയും ബാധിച്ചിരുന്നു. ചാള കിട്ടാനില്ലാതായതോടെ വില വല്ലാതെ കൂടുകയും ചെയ്തു. കിലോയ്ക്ക് 280-300 രൂപ വിലയ്ക്കാണ് മാർക്കറ്റുകളിൽ ചാള ചില്ലറ വിറ്റിരുന്നത്. 

ചാള കിട്ടാനില്ലാതായതോടെ മറ്റ് മത്സ്യങ്ങളുടെ വിലയും കാര്യമായി കൂടി. ഇതോടെ ആളുകൾ മീൻ വാങ്ങാനെത്തുന്നതും കുറഞ്ഞു. 

കുറേശ്ശെയാണെങ്കിലും തമിഴ്നാട്ടിൽ നിന്ന് ചാള എത്താൻ തുടങ്ങിയതോടെ മാർക്കറ്റുകൾ വീണ്ടും സജീവമായി. കിലോ 140 രൂപയ്ക്കാണ് ഇപ്പോൾ ചില്ലറ വിൽപ്പന. മുൻപ് ദിവസേന 30 ടണ്ണിലേറെ ചാളയാണ് വരാപ്പുഴ മാർക്കറ്റിൽ മാത്രം വിൽപ്പനയ്ക്ക് എത്തിയിരുന്നത്. എന്നാൽ ഈ സ്ഥാനത്ത് ആറ് ടൺ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. മാർക്കറ്റുകളിൽ നിന്ന് ചാള ഒഴിഞ്ഞതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തിലോപ്പിയയാണ് കച്ചവടക്കാർ ആശ്രയിച്ചിരുന്നത്. 

ചാളയുടെ വരവോടെ തിലോപ്പിയയുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ചാളയുടെ അഭാവത്തിൽ ചെറുകിട ഹോട്ടലുകാർ പ്രധാനമായും ആശ്രയിച്ചിരുന്നത് തിലോപ്പിയയാണ്. കിലോയ്ക്ക് 120 രൂപ മുതൽ 220 രൂപ വരെ വിലയ്ക്കാണ് തിലോപ്പിയയുടെ വിൽപ്പന. 

ഹോട്ടലുകൾ പ്രധാനമായും ആശ്രയിക്കുന്ന നെയ്മീൻ മാർക്കറ്റുകൾ കിട്ടാനേയില്ല. അപൂർവമായിട്ടെത്തുന്ന നെയ്മീന് വൻ ഡിമാൻഡുമാണ്. കിലോയ്ക്ക് 980 രൂപ വരെയാണ് നെയ്മീനിന്റെ വില. അയലയുടെ വരവും കാര്യമായി കുറഞ്ഞു. കിലോയ്ക്ക് 280-300 രൂപയാണ് ഇപ്പോഴത്തെ വില. 280 മുതൽ 440 വരെ വാങ്ങിയാണ് മാർക്കറ്റുകളിൽ നാരൻ ചെമ്മീൻ വിൽപ്പന. 

മറ്റൊരു പ്രിയ ഇനമായ നാടൻ കരിമീനിന്റെ ലഭ്യതയിലും വൻ കുറവുണ്ട്. കിലോയ്ക്ക് 680-700 രൂപയാണ് കരിമീൻ വില. വൻ വിലയാണെങ്കിലും മാർക്കറ്റുകളിൽ എത്തി മണിക്കൂറുകൾക്കകം തന്നെ കരിമീൻ തീരുന്ന സ്ഥിതിയാണുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com