രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും; മൃതദേഹത്തിന് കാവല്‍ ഏര്‍പ്പെടുത്തണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

ആദ്യത്തെ പോസ്റ്റ് മോര്‍ട്ടത്തില്‍ മുറിവുകളുടെ പഴക്കത്തെക്കുറിച്ച് വ്യക്തതയില്ല
രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും; മൃതദേഹത്തിന് കാവല്‍ ഏര്‍പ്പെടുത്തണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

ഇടുക്കി; നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ദേശം. ആദ്യത്തെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും അതിനാല്‍ രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തണം എന്നുമാണ് ജസ്റ്റിസ് നാരായണക്കുറിപ്പിന്‌റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ പറയുന്നത്. 

ആദ്യത്തെ പോസ്റ്റ് മോര്‍ട്ടത്തില്‍ മുറിവുകളുടെ പഴക്കത്തെക്കുറിച്ച് വ്യക്തതയില്ല. മാത്രമല്ല ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ന്യുമോണിയ ബാധയെത്തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്്. പൊലീസുകാരെ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത് സഹായിക്കുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. അതിനാല്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു. 

ആദ്യ പോസ്റ്റ്‌മോര്‍ട്ടം നടന്നത് ഗൗരവത്തോടെയല്ലെന്നാണ് നാരായണക്കുറിപ്പ് പറയുന്നത്. വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പൊലീസിനും ആര്‍ഡിഒയ്ക്കും നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് നെടുങ്കണ്ടത്ത് എത്തി ജ. നാരായണക്കുറിപ്പ് പരിശോധന നടത്തും. റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി രാജ്കുമാറിനെ അടക്കം ചെയ്ത സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com