വീടു വച്ചു നല്‍കുമെന്ന് പറഞ്ഞ് വഞ്ചിച്ചു, മഞ്ജു വാര്യര്‍ക്കെതിരെ ആദിവാസികളുടെ പരാതി; നേരിട്ടു ഹാജരാവാന്‍ നോട്ടീസ്

വീടു വച്ചു നല്‍കുമെന്ന് പറഞ്ഞ് വഞ്ചിച്ചു, മഞ്ജു വാര്യര്‍ക്കെതിരെ ആദിവാസികളുടെ പരാതി; നേരിട്ടു ഹാജരാവാന്‍ നോട്ടീസ്
മഞ്ജു വാര്യര്‍  (ഫയല്‍)
മഞ്ജു വാര്യര്‍ (ഫയല്‍)

കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ നേരിട്ടു ഹിയറിങ്ങിനു ഹാജരാവണമെന്ന് ജില്ലാ ലീഗര്‍ സര്‍വീസ് അതോറിറ്റി. തിങ്കളാഴ്ച ഹാജരാവാനാണ് ഡിഎല്‍എസ്എ നോട്ടീസ് നല്‍കിയിരിക്കുന്നത്. 

പനമരം പഞ്ചായത്തിലെ പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ നല്‍കിയ പരാതിയിലാണ് മഞ്ജു നേരിട്ട് ഹാജരാകാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി ആവശ്യപ്പെട്ടത്. ഇതേ പരാതിയില്‍ മുന്‍ ഹിയറിങ്ങുകളില്‍ മഞ്ജു ഹാജരായിരുന്നില്ല. 15ന് മഞ്ജുവാര്യര്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഡിഎല്‍എസ്എ നോട്ടീസ് നല്‍കിയിരിക്കുന്നത്.

പണിയ കുടുംബങ്ങള്‍ക്ക് വീടും മറ്റ് അനുബന്ധസൗകര്യങ്ങളും ഒരുക്കുമെന്ന് വാഗ്ദാനം ചെയ്ത് 2017 ജനുവരി 20നാണ് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി, വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയത്. പദ്ധതി നടത്തിപ്പിന്റെ പ്രാരംഭമായി മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ സ്ഥലസര്‍വെ നടത്തിയിരുന്നു. മഞ്ജു വാര്യരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പനമരം പഞ്ചായത്ത് ഭരണസമിതിയോഗം ചേര്‍ന്ന് പദ്ധതി അംഗീകരിച്ചു. അതിനു ശേഷം അവര്‍ പിന്‍വാങ്ങുകയായിരുന്നു. 

പ്രളയത്തില്‍ വ്യാപക നാശമുണ്ടായ സ്ഥലങ്ങളാണ് പരക്കുനി, പരപ്പില്‍ പ്രദേശങ്ങള്‍. പ്രളയത്തെ തുടര്‍ന്ന് പുനരധിവാസ ഫണ്ട് വിനിയോഗം സംബന്ധിച്ച ആലോചനയില്‍ ഒന്നേമുക്കാല്‍ കോടിയിലധികം രൂപ ചെലവഴിച്ച് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ഇനി ഇവിടെ വേറെ ഫണ്ട് അനുവദിക്കേണ്ടെന്ന് അധികൃതര്‍ തീരുമാനമെടുത്തിരുന്നതായി ആദിവാസി കുടുംബങ്ങള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com