എക്കാലത്തും കുലംകുത്തികള്‍ എന്ന് എസ്എഫ്‌ഐ, ഉടുമുണ്ട് ഉരിഞ്ഞത് മറക്കില്ലെന്ന് എഐഎസ്എഫ്; സോഷ്യല്‍ മീഡിയയില്‍ തമ്മിലടിച്ച് ഇടത് സംഘടനകള്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്പരം പോരടിച്ച് എസ്എഫ്‌ഐയും എഐഎസ്എഫും. 
എക്കാലത്തും കുലംകുത്തികള്‍ എന്ന് എസ്എഫ്‌ഐ, ഉടുമുണ്ട് ഉരിഞ്ഞത് മറക്കില്ലെന്ന് എഐഎസ്എഫ്; സോഷ്യല്‍ മീഡിയയില്‍ തമ്മിലടിച്ച് ഇടത് സംഘടനകള്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്പരം പോരടിച്ച് എസ്എഫ്‌ഐയും എഐഎസ്എഫും. യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിക്കുമെന്ന് എഐഎസ്എഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈബറിടങ്ങളില്‍ ഇടക്കാലത്ത് കുറഞ്ഞിരുന്ന എസ്എഫ്‌ഐ-എഐഎസ്എഫ് പോര് വീണ്ടും ആരംഭിച്ചിരിക്കുന്നത്. കോളജിലെ സംഘര്‍ഷത്തിന് എതിരെ പരസ്യമായി രംഗത്തെത്തിയ എഐഎസ്എഫ്, എസ്എഫ്‌ഐയുടെ ഏകാധിപത്യ സ്വഭാവം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയിരുന്നു. 

എഐഎസ്എഫുകാരെ കുലംകുത്തികളെന്ന് വിളിച്ച് 'പാരാളി ഷാജി'പേജ് രംഗത്തെത്തി. സിപിഎമ്മിന് വേണ്ടി സൈബറിടങ്ങളില്‍ ശക്തമായിവാദിക്കുന്ന കൂട്ടായ്മയാണിത്. ഇതിന് പിന്നാലെ എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയമാണ് കലാലയങ്ങളെ നശിപ്പിക്കുന്നത് എന്നാരോപിച്ച് എഐഎസ്എഫ് പ്രവര്‍ത്തകരും രംഗത്തെത്തി. 

'ഇപ്പോള്‍ എസ്എഫ്‌ഐ എന്ന സംഘടനയെ തെറി പറഞ്ഞാണ് എഐഎസ്എഫ് തെരുവിലിറങ്ങിയിരിക്കുന്നത്. വിരലിലെണ്ണാവുന്നവരെ രംഗത്തിറക്കി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരു ഷോയാണ് അവര്‍ നടത്തുന്നത്. കേരളത്തില്‍ ഒറ്റക്ക് മത്സരിച്ചാല്‍ ഒരു പഞ്ചായത്ത് ഭരിക്കാന്‍ പോലുമുള്ള ശേഷിയുള്ള പാര്‍ട്ടിയല്ല സിപിഐ സിപിഎമ്മിന്റെ കരുത്തിലാണ് ആ പാര്‍ട്ടി നിലനില്‍ക്കുന്നത്. സിപിഎം ചെയ്ത ഈ വിട്ടു വീഴ്ച കാമ്പസുകളില്‍ എസ്എഫ്‌ഐ നടപ്പാക്കാത്തതിലുള്ള രോഷമാണ് ഇപ്പോള്‍ എഐഎസ്എഫ് കാട്ടുന്നത്. പോരാളി ഷാജി പേജിലെ പോസ്റ്റില്‍ പറയുന്നു.'

യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കാനെത്തിയ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത് ചോദ്യം ചെയ്ത നേതാവിന്റെ ഉടുമുണ്ട് ഉരിഞ്ഞ് മര്‍ദിച്ചത് ചൂണ്ടിക്കാട്ടി എഐഎസ്എഫ് ഇതിനെ പ്രതിരോധിക്കുന്നു. 

യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തിന്റെ പശ്ചാതലത്തില്‍ എസ്എഫ്‌ഐ മുമ്പ് തങ്ങള്‍ക്കെതിരെ നടത്തിയ അക്രമങ്ങള്‍ എണ്ണിപ്പറഞ്ഞ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ രംഗം കൊഴിപ്പിക്കുമ്പോള്‍, എഐഎസ്എഫിനെയും സിപിഐയെയും മുന്നണിയില്‍ നിന്ന് പുറത്താക്കണം എന്നാണ് ചില എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആവശ്യം. 

ഇതിന് മുമ്പ് ലോ അക്കാദമി സമര കാലത്തും എഐഎസ്എഫ്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ പോര് നടത്തിയിരുന്നു. സമരം അവസാനിച്ചിട്ടും തുടര്‍ന്ന പോര് പിന്നീട് രണ്ട് വിദ്യാര്‍ത്ഥി സംഘടനകളുടെയും മാതൃ സംഘടനകള്‍ ഇടപെട്ടാണ് ഒതുക്കി തീര്‍ത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com